എം.എ എഞ്ചിനീയറിംഗ് കോളേജിന് അന്താരാഷ്ട്ര അംഗീകാരം

Kerala

കോതമംഗലം: ന്യൂയോർക്ക് ആസ്ഥാനമായ അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എഞ്ചിനീയേഴ്‌സിന്റെ (എഎസ്എംഇ) ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര തലത്തിൽ നടത്തിയ മത്സരത്തിൽ എം. എ എഞ്ചിനീയറിങ് കോളേജിന് ആഗോള അംഗീകാരം.
സമുദ്രാന്തർഭാഗത്തെ മാലിന്യ ശുചീകരണത്തിനായുള്ള സ്വയംപ്രവർത്തന ശേഷിയുള്ള റോബോട്ടിക് സംവിധാനം രൂപകല്പന ചെയ്തുകൊണ്ട് എം. എ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ ആഗോള തലത്തിൽ രണ്ടാം സ്ഥാനവും, 1600 ഡോളർ സമ്മാനതുകയും കരസ്ഥമാക്കി. മൂന്നാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ അബു ഫഹദിന്റെ നേതൃത്വത്തിൽ തഹജീബ സാജിദ്, റോണി തോമസ്, ഇസ്മായിൽ വാഫി, നന്ദന ജയചന്ദ്രൻ, മുഫീദ അലിയാർ എന്നിവരടങ്ങുന്ന സംഘമാണ് ജേതാക്കളായത്.
ഒന്നും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ഇജിപ്റ്റ് , പെറു എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ കരസ്ഥമാക്കി.
അധ്യാപകരായ ഡോ. ബോബിൻ ചെറിയാൻ ജോസ്, ഡോ. കോര റ്റി സണ്ണി, എ.എസ്.എം.ഇ സ്റ്റുഡന്റ് ക്ലബിന് നേതൃത്വം നൽകുന്ന ക്രിസ്റ്റി മാമൻ, ഗോപിക അനിൽകുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് വിദ്യാർത്ഥികൾ മത്സരത്തിന് സജ്ജരായത്.
വിജയികളെ എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വകുപ്പ് മേധാവി ഡോ. സോണി കുര്യാക്കോസ് എന്നിവർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *