ന്യൂഡൽഹി: കേരളമടക്കം 13 സംസ്ഥാനങ്ങളിലെ 89 ലോക്സഭാ മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കുന്നത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ 88 സീറ്റുകളിൽ 62 സീറ്റുകളും എൻഡിഎ മുന്നണിക്ക് ഒപ്പമായിരുന്നു. കേരളത്തിലെ 20 സീറ്റുകൾ, കർണാടക 14, രാജസ്ഥാൻ 13, യുപി, മഹാരാഷ്ട്ര എട്ട് സീറ്റുകൾ വീതം, മധ്യപ്രദേശിൽ ആറു സീറ്റ്, ബീഹാർ, അസം എന്നിവിടങ്ങളിൽ അഞ്ച് വീതം, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ മൂന്ന് വീതം, ത്രിപുര, ജമ്മു കശ്മീർ, മണിപ്പൂർ എന്നിവിടങ്ങളിൽ ഓരോ സീറ്റിലേക്കുമാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. മധ്യപ്രദേശിലെ ബീത്തൽ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ബിഎസ്പി സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ചു. മെയ് ഏഴിന് നടക്കുന്ന മൂന്നാംഘട്ട തിരഞ്ഞെടുപ്പിലാണ് ഇവിടെ വോട്ടെടുപ്പ് നടക്കുക. 88 സീറ്റുകളിലായി 1206 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് കേരളത്തിലാണ്.