തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൻഡിഎയുടേത് ഉജ്ജ്വല നേട്ടമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. മോദിക്കെതിരെയുള്ള പ്രചാരണങ്ങളെ ജനങ്ങൾ പിഴുതെറിഞ്ഞു. ജനങ്ങൾ സത്യത്തിനും ധർമ്മത്തിനും വേണ്ടി നിലകൊള്ളുമെന്ന് തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിനെതിരെ ദുഷ്പ്രചാരണങ്ങൾ നടത്തുന്ന ഇന്ത്യ മുന്നണിയുടെ ദയനീയ പരാജയമാണ് ഈ തെരഞ്ഞെടുപ്പുകളിൽ കണ്ടതെന്നും, ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ മുന്നേറ്റമുണ്ടാക്കുമെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.
ജാതി ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ പ്രതിപക്ഷ മുന്നണി നടത്തുന്ന ശ്രമങ്ങളെ ജനങ്ങൾ തൂത്തെറിയുകയാണുണ്ടായത്. മോദിക്കൊപ്പം ജനങ്ങൾ ഉണ്ടെന്ന് തെളിയിച്ചു. കേരളത്തിലെ ഭരണ, പ്രതിപക്ഷങ്ങളുടേത് കപടനാടകമാണ്. കേരളത്തിലെ രണ്ട് മുന്നണികളും ഒന്ന് തന്നെയാണ്. ആ ഒന്നിനെതിരെ മറ്റൊരു ഒന്ന് കേരളത്തിലുണ്ട്. കേരളത്തിലെ ദിശാ സൂചകമാണ് മറ്റ് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.