തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 17 വാർഡുകളിൽ ഒമ്പതിടത്തും വിജയിച്ച് യുഡിഎഫ്

Breaking Kerala

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന 9 ജില്ലകളിലെ 17 വാർഡുകളിൽ ഒമ്പതിടത്തും വിജയിച്ച് യുഡിഎഫ്. എൽഡിഎഫ് 7 സീറ്റുകളിൽ വിജയിച്ചു. സീറ്റ് ഇല്ലാതിരുന്ന ബിജെപി ഒരു സീറ്റ് നേടി. ഒമ്പത് സീറ്റുകളിൽ ആറ് സീറ്റുകൾ യുഡിഎഫ് നിലനിർത്തുകയായിരുന്നു. മൂന്ന് സീറ്റുകൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം ആദിച്ചനല്ലൂരിൽ പുഞ്ചിരിച്ചിറ വാർഡിലെ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റ് ബിജെപി പിടിച്ചെടുത്തത് പാർട്ടിക്ക് വലിയ തിരിച്ചടിയായി.

ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ മലപ്പുറം ചുങ്കത്തറ പഞ്ചായത്ത് ഭരണം എൽഡി എഫിന് നഷ്ടമായി. ചുങ്കത്തറ പഞ്ചായത്തിലെ കളക്കുന്ന് വാര്‍ഡിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥി കെ പി മൈമൂന, എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥി റസീന സജീം, സ്വതന്ത്ര സ്ഥാനാര്‍ഥി പി റസീന എന്നിവരാണ് വാര്‍ഡില്‍ ജനവിധി തേടിയത്. ഫലം പുറത്തുവരുമ്പോൾ കെ പി മൈമൂന വിജയിച്ചു. ഇതോടെ പഞ്ചായത്തിലെ കക്ഷി നില പത്തു വീതമാകും. നറുക്കെടുപ്പിലൂടെയാകും പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

പെരിന്തൽമണ്ണ ബ്ലോക് പഞ്ചായത്തിലെ ചെമ്മാണിയോട് യുഡിഎഫ് വിജയിച്ചു. മുസ്ലിം ലീഗിന്റെ യു ടി മുര്‍ഷിര്‍ ആണ് വിജയിച്ചത്. പുഴക്കാട്ടിരി പഞ്ചായത്തിലെ 16ാം വാര്‍ഡായ കട്ടിലശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാർഥി ചക്കച്ചന്‍ അബ്ദുള്‍ അസീസ് വിജയിച്ചു. തുവ്വൂര്‍ പഞ്ചായത്തിലെ 11ാം വാര്‍ഡ് അക്കരപ്പുറത്ത് യുഡിഎഫ് സ്ഥാനാർഥി തയ്യില്‍ അയ്യപ്പൻ വിജയിച്ചു. 44 വോട്ടുകൾക്കാണ് വിജയം.

എറണാകുളം ജില്ലയിൽ യുഡിഎഫിന് മുന്നേറ്റം. ഉപതിരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിലും യുഡിഎഫിന് വിജയം. മൂന്ന് വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്തു. ഒരു സീറ്റും യുഡിഎഫ് നിലനിർത്തി. എൽഡിഎഫിന് രണ്ട് വാർഡുകൾ നഷ്ടമായി. ജില്ലയിലെ മൂക്കന്നൂർ പഞ്ചായത്തിലെ കോക്കുന്ന് വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ സിനി മാത്തച്ചൻ 268 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നേരത്തെ സ്വതന്ത്ര സ്ഥാനാർഥി വിജയിച്ച വാർഡ് ആണ് യുഡിഎഫ് പിടിച്ചെടുത്തത്. ജില്ലയിലെ ഏഴിക്കര പഞ്ചായത്തിലെ മൂന്നാം വാർഡും യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ ടി പി സോമൻ 60 വോട്ടിനാണ് വിജയിച്ചത്. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് പിടിച്ചെടുത്തത്.

എറണാകുളം ജില്ലയിലെ പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്തിലെ 10ാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ ദീപ്തി പ്രൈജു 79 വോട്ടിനാണ് വിജയിച്ചത്. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് പിടിച്ചെടുത്തത്. വടക്കേക്കര ഗ്രാമപ്പഞ്ചായത്തിലെ 11 ആം വാർഡായ മുറവന്‍ തുരുത്ത് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ നിഖിത ജോബി 228 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വടക്കേക്കര ഗ്രാമപ്പഞ്ചായത്തിലെ 11ാം വാർഡായ മുറവന്‍ തുരുത്ത് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ നിഖിത ജോബി 228 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

കോഴിക്കോട് ജില്ലയിലെ വേളം പഞ്ചായത്തിലെ പാലോടിക്കുന്ന് യുഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗിലെ ഇ പി സലിം 42 വോട്ടുകൾക്കാണ് ജയിച്ചത്. സിപിഐഎമ്മിലെ പി പി വിജയനായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ഉപതിരഞ്ഞടുപ്പിൽ ഇടത് സ്ഥാനാർത്ഥി പി മനോജ് വിജയിച്ചു. 303 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. നേരത്തെ വാർഡിലെ യുഡിഎഫ് അംഗമായി വിജയിച്ച മനോജ് പാർട്ടി മാറിയതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതോടെ പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങളുടെ എണ്ണം ഒമ്പതായി.

കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ പഞ്ചായത്ത് പുഞ്ചിരിച്ചിറ വാർഡിലേക്ക് നടന്ന ഉപതിരത്തെടുപ്പിൽ സിപിഎം സിറ്റിംഗ് സീറ്റ് ബിജെപി പിടിച്ചെടുത്തു. ബിജെപിയുടെ എ എസ് രഞ്ജിത്ത് ആണ് വിജയിച്ചത്. 100 വോട്ടിനാണ് ജയം. തെന്മല പഞ്ചായത്തിലെ ഒറ്റക്കൽ വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിലെ അനുപമ എസ് ആണ് വിജയിച്ചത്. 34 വോട്ടിനാണ് വിജയം. പഞ്ചായത്തിൽ ഭരണമാറ്റം ഉണ്ടാകില്ല. 16 അംഗ പഞ്ചായത്തിൽ 2 സ്വതന്ത്രർ ഉൾപ്പടെ 9 പേരുടെ പിന്തുണ യുഡിഎഫിന് ലഭിച്ചു.

കണ്ണൂർ മുണ്ടേരി പഞ്ചായത്തിലെ പത്താം വാർഡായ താറ്റിയോട് എൽഡിഎഫ് വിജയിച്ചു. വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി ബി പി റീഷ്മയാണ് വിജയിച്ചത്. യു ഡി എഫിലെ ടി കെ ബീനയെ 393 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കണ്ണൂർ ധർമടം പഞ്ചായത്തിലെ പതിനൊന്നാം വാർഡായ പരീക്കടവ് എൽഡിഎഫ് വിജയിച്ചു. വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫിലെ ബി ഗീതമ്മ ഒമ്പത് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡ് കോടമ്പനാടിയില്‍ സിപിഎം സ്ഥാനാര്‍ത്ഥി എന്‍ പി രാജന്‍ 197 വോട്ടിന് വിജയിച്ചു. 493 വോട്ടാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഭിലാഷ് 296 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി പി.ബി ബിജുവിന് 46 വോട്ടും ആം ആദ്മി സ്ഥാനാര്‍ത്ഥി മനു കെ ജിക്ക് 108 വോട്ടും ലഭിച്ചു. തൃശൂർ ജില്ലയിലെ മാടക്കത്തറ ഗ്രാമപ്പഞ്ചായത്തിലെ താണിക്കുടം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐയിലെ മിഥുന്‍ 174 വോട്ടുകള്‍ക്ക് വിജയിച്ചു. ബിജെപിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്, കോണ്‍ഗ്രസ് മൂന്നമതായി. കോട്ടയം ജില്ലയിലെ വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ മറവന്‍ തുരുത്തിൽ എല്‍ഡിഎഫ് വിജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *