ഭക്തിനിർഭരമായ ചടങ്ങുകളോടെ തിരുവമ്പാടിക്കാവിൽ കളമെഴുത്തുംപാട്ട് ഇന്ന് ആരംഭിക്കും

Local News

കടുത്തുരുത്തി : തിരുവമ്പാടി ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ മീനഭരണിയോടനുബന്ധിച്ചുള്ള കളമെഴുത്തുംപാട്ടും ദീപാരാധനയും ക്ഷേത്രത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ഇന്ന് ആരംഭിക്കും.
41 ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങ് തിരുവമ്പാടിയിലേയും സമീപ കരകളിലേയും കുടുംബക്കാരുടേയും കാക്കാനപള്ളി ഇല്ലക്കാരുടേയും വഴിപാടായാണ് ഓരോ ദിവസവും നടത്തി വരുന്നത്. പ്രകൃതി ദത്തങ്ങളായ പഞ്ചവർണ്ണ പൊടികൾ ഉപയോഗിച്ചാണ് കളം വരയ്ക്കുന്നത്.സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തത്വങ്ങൾ വ്യക്തമാക്കി തരുന്ന കലാരൂപം കൂടിയാണ് കളംപാട്ട്.
കളമെഴുത്ത് സൃഷ്ടിയും, ക ളംപൂജ, പാട്ട്, ബലി കർമ്മങ്ങൾ എന്നിവ സ്ഥിതിയും, കളം മായ്ക്കൽ സംഹാരവും ആണെന്നാണ് വിശ്വാസം. ഏതൊരു ജീവ ജാലത്തിനും വസ്തുവിനും ദേവ ന്മാർക്കുപോലും ജനിച്ചാൽ മരണം നിശ്ചയമാണ് ആ ഒരു വസ്തുത കളംപാട്ട് വ്യക്തമാക്കുന്നു. അതു കൊണ്ടാണ് കളംപാട്ടിന്റെ ചടങ്ങുകളുടെ അവസാനം കളം പരിപൂർണ്ണമായി മായ്ക്കുന്നതും. ക്ഷേത്രത്തിലെ ഉത്സവനാളായ മീനഭരണിക്കാണ് 41 ദിവസത്തെ കളമെഴുത്തും പാട്ടും അവസാനിക്കുന്നത്. ഉദയനാപുരത്തുള്ള തേരൊഴി രാമക്കുറുപ്പും ശിഷ്യന്മാരും ചേർന്നാണ് കളമെഴുത്തും പാട്ടും നടത്തിവരുന്നത് . ഏപ്രിൽ 8, 9, 10 തിയതികളിലാണ് മീനഭരണി മഹോത്സവം. വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തി കൊണ്ട് വിപുലമായിട്ടാണ് ഈ വർഷത്തെ ഉത്സവ ആഘോഷം. കണ്ണൻ ജി. നാഥിൻ്റെ ഭക്തി സംഗീതസന്ധ്യ, തിരുവനന്തപുരം സർഗ്ഗവീണ അവതരിപ്പിക്കുന്ന ഭക്തിനൃത്തനാടകം, ഭക്തിഗാനമേള, മോഹിനിയാട്ടം, സംഗീത സദസ്സ്, നാരായണീയ പാരായണം, പ്രഭാഷണം, ഭരതനാട്യം, വിവിധ സ്ഥലങ്ങളിൽ നിന്നും കുംഭ കുടഘോഷയാത്രയും ഗരുഡൻ തൂക്കവും തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.
ക്ഷേത്രത്തിൻ്റെ താന്ത്രികത്വം വഹിക്കുന്നത് മനയത്താറ്റുമന ചന്ദ്രശേഖരൻ നമ്പൂതിരിയാണ്.
കാക്കാനപ്പള്ളി മന കെ.എൻ. കൃഷ്ണൻ നമ്പൂതിരിയാണ് തിരുവമ്പാടി ഭഗവതി ക്ഷേത്രത്തിൻ്റെയും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൻ്റെയും
ദേവസ്വം മാനേജർ. മോഹൻദാസ് കുളത്തുംങ്കൽ, ഷാജി മനയ്ക്കപ്പറമ്പിൽ, പി.സി. രാജേഷ് പുതിയാപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഉത്സവക്കമ്മറ്റി.

Leave a Reply

Your email address will not be published. Required fields are marked *