‘ലിവിങ് ടുഗെദര്‍’; ക്രൂരതാ കുറ്റം നിലനില്‍ക്കണമെങ്കില്‍ വിവാഹം സാധുവായിരിക്കണമെന്ന് ഹൈക്കോടതി

Kerala

കൊച്ചി: ലിവിങ് ടുഗെദര്‍ ഭാര്യയ്ക്കെതിരെയുള്ള ക്രൂരത എന്ന കുറ്റം നിലനില്‍ക്കണമെങ്കില്‍ സാധുതയുള്ള വിവാഹം ആവശ്യമാണെന്നും ഹൈക്കോടതി. ഒരുമിച്ചു ജീവിക്കാമെന്നു പരസ്പരം ഉടമ്പടിയുണ്ടാക്കി ജീവിക്കുന്നവരെ ഭാര്യാ ഭര്‍ത്താക്കന്മാരായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സോഫി തോമസാണ് വിധി പുറപ്പെടുവിച്ചത്. 

ഒന്നിച്ചു ജീവിക്കുന്നതിനിടയില്‍ യുവതി ആത്മഹത്യ ചെയ്യുകയും യുവാവിനേയും ബന്ധുക്കളേയും വിചാരണക്കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു. ‘ലിവിങ് ടുഗദര്‍’ ബന്ധത്തിലുള്ള സ്ത്രീക്ക് ഭര്‍ത്താവിന്റെയോ ഭര്‍ത്താവിന്റെ ബന്ധുക്കളുടെയോ ക്രൂരതക്കെതിരെയുള്ള ഇന്ത്യ ശിക്ഷാ നിയമത്തിലെ 498 (എ) വകുപ്പിന്റെ സംരക്ഷണം ലഭിക്കില്ല.

കേസില്‍ ഭാര്യയോടുള്ള ക്രൂരത ഉള്‍പ്പെടെയുള്ള കുറ്റം ചുമത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസില്‍ പാലക്കാട് സ്വദേശി നാരായണന്‍, സഹോദരന്‍ രാധാകൃഷ്ണന്‍ എന്നിവരെയാണ് കോടതി വിട്ടയച്ചത്.

1997 സെപ്റ്റംബര്‍ ഒന്നിനാണ് നാരായണനും യുവതിയും ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ഒന്നിച്ചു ജീവിതം തുടങ്ങിയത്. ഇവര്‍ നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. 3 മാസത്തിനുശേഷം ഡിസംബര്‍ 24ന് യുവതി മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി ഡിസംബര്‍ 29നു മരിച്ചു.

നാരായണന്‍, രാധാകൃഷ്ണന്‍ എന്നിവരെയും ഇവരുടെ മാതാപിതാക്കളെയും പാലക്കാട് സെഷന്‍സ് കോടതി തടവു ശിക്ഷയ്ക്ക് വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *