ഇടുക്കി: എല്‍ഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ ഇടുക്കിയിലെത്തും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ എത്തുന്നത്.ഭൂമി-പതിവ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പ് വയ്ക്കാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലാ എല്‍ഡിഎഫ് നാളെയാണ് രാജ് ഭവന്‍ മാര്‍ച്ച് നടത്തുന്നത്. അതേ ദിവസം തന്നെ ഗവര്‍ണര്‍ ഇടുക്കിയിലെത്തുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്താനാണ് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
അതേസമയം പരിപാടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. സര്‍ക്കാര്‍- ഗവര്‍ണര്‍ പോരിനിടെയാണ് കാരുണ്യം പദ്ധതി ഉദ്ഘാടനത്തിനായി ഗവര്‍ണറെ വ്യാപാരി വ്യവസായി ഏകോപന സമിതി ക്ഷണിച്ചത്. എന്നാല്‍ ഭൂമി-പതിവ് നിയമ ഭേദഗതി ബില്ലിനെ ചൊല്ലി ഗവര്‍ണര്‍ക്കെതിരെ കടുത്ത പ്രതിഷേധത്തിനൊരുങ്ങുകയാണ് എല്‍ഡിഎഫ്. ഇതിന്റെ ഭാഗമായാണ് രാജ് ഭവന്‍ മാര്‍ച്ച് പ്രഖ്യാപിച്ചത്. പിന്നാലെ ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിനും ആഹ്വാനം ചെയ്തു. അതേസമയം നാളെ ഗവര്‍ണര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള മറ്റ് പ്രതിഷേധത്തിന് എല്‍ഡിഎഫ് തീരുമാനിച്ചിട്ടില്ല. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും ഇടതുമുന്നണി അറിയിച്ചിട്ടുണ്ട്.