ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുൻതൂക്കം; യുഡിഎഫിന് ആശ്വാസം; അടിതെറ്റി ബിജെപി

Breaking Kerala

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിഞ്ഞ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുൻതൂക്കം. ഫലം വന്നതിൽ 13 സീറ്റുകൾ എൽഡിഎഫ് ജയിച്ചു. 11 ഇടത്ത് ജയിച്ച യുഡിഎഫിന് ഒരു സിറ്റിങ് നഷ്ടമായപ്പോൾ രണ്ട് സീറ്റ് പിടിച്ചെടുക്കാനായി. കൈയ്യിലുണ്ടായിരുന്ന നാല് സീറ്റും നഷ്ടപ്പെട്ട ബിജെപിക്ക് ഒരു സീറ്റ് മാത്രമേ പിടിച്ചെടുക്കാനായുള്ളൂ. ആകെ നാലിടത്ത് ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചു. ആം ആദ്മി പാർട്ടിയും എസ്‌ഡിപിഐയും ഓരോ സീറ്റ് വീതം നേടി. ഇടതുമുന്നണിക്ക് നാല് സീറ്റുകൾ നഷ്ടമായി. രണ്ടെണ്ണം പിടിച്ചെടുക്കാനും കഴിഞ്ഞു.

തലനാട് പഞ്ചായത്ത്‌ മേലടുക്കം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഫ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്. സിപിഐ എമ്മിലെ കെ കെ ഷാജിയാണ് 22 വോടിനു വിജയിച്ചത്. നഗരസഭാ കുട്ടിമരംപറമ്പ് ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എസ്ഡിപിഐക്ക് വിജയം. എസ്ഡിപിഐയുടെ അബ്‌ദുൾ ലത്തീഫാണ് 44 വോട്ടിനാണ് വിജയിച്ചത്. വെളിയന്നൂർ പഞ്ചായത്ത് അരീക്കര വാർഡ് എൽ ഡി എഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥി ബിന്ദു മാത്യു 19 വോട്ടിന് ജയിച്ചു. അരുവിക്കര പഞ്ചായത്തിലെ മണമ്പൂർ വാർഡ് സിപിഎമ്മിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. സി അർച്ചന 184 വോട്ടിനു ജയിച്ചു.

കരിങ്കുന്നം പഞ്ചായത്ത് ഏഴാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് ജയം. എഎപി സ്ഥാനാർത്ഥി ബീന കുര്യൻ ആണ് വിജയിച്ചത്. കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന സീറ്റ് ആണ് പിടിച്ചെടുത്തത്. മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പരിയാരം വാർഡ് യുഡിഎഫ് നിലനിർത്തി. പത്തനംതിട്ട റാന്നി പഞ്ചായത്ത് ഏഴാം വാർഡിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റിൽ എൽഡിഎഫിന് ജയം. ഇടുക്കി ഉടുമ്പൻചോല പഞ്ചായത്തിലെ മാവടി വാർഡ് എൽഡിഎഫ് നിലനിർത്തി.

Leave a Reply

Your email address will not be published. Required fields are marked *