മാനസിക വെല്ലുവിളികൾ ഉള്ള കുട്ടികൾ പഠിക്കുന്ന സ്കൂളാണ് ചേർത്തല തുറവൂർ പ്രവർത്തിക്കുന്ന സാൻജോ സദൻ സ്പെഷ്യൽ സ്കൂൾ. ഈ സ്ക്കൂളിൽ എറണാകുളം അതിരൂപതയുടെ സാമൂഹ്യവിഭാഗവുമായി ബന്ധപ്പെട്ട് നടത്തിവരുന്ന ഇൻക്ലൂസീവ് എഡ്യൂക്കേഷൻ എന്ന ആറു മാസത്തെ കമ്പ്യൂട്ടർ ട്രെയിനിംഗ് പ്രോഗ്രാമിൽ സംബന്ധിച്ച് കമ്പ്യൂട്ടർ ഡാറ്റ എൻട്രി, ഡാറ്റ അനോറ്റേഷൻ, എം എസ് ഓഫീസ്, പവർ പോയിന്റ് തുടങ്ങിയവയിൽ വിദഗ്ധ പരിശീലനം നേടിയ ശ്രീലക്ഷ്മി സാൻജോ സദൻ സ്കൂൾ അധികൃതരുടെ സഹായത്തോടെ പല സ്ഥാപനങ്ങളുടെയും വർക്ക് ഓർഡർ സ്വീകരിച്ച് ഡാറ്റ എൻട്രി നടത്തിക്കൊടുത്ത് പ്രതിഫലം നേടാൻ തുടങ്ങി. സ്വന്തമായി ഒരു ലാപ്ടോപ് ലഭിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച ഈ അവസരത്തിലാണ് നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ പകുതി വിലയ്ക്ക് ലാപ്ടോപ് വിതരണം ചെയുന്ന വിവരം അറിയാനിടയായത്. എഫ് സി സി സന്യാസിനിമാരുടെ സേക്രഡ് ഹാർട്ട് ക്ലാരിസ്റ്റ് പ്രൊവിൻസിൽ ഇരുപതിനായിരം രൂപ കൊടുത്തു പേര് രജിസ്റ്റർ ചെയ്തു. ശ്രീലക്ഷ്മിയുടെ വലിയ ലക്ഷ്യം പൂർത്തിയാക്കാൻ ക്ലാരിസ്റ്റ് പ്രൊവിൻസ് പിന്തുണയും പ്രോത്സാഹനവുമായി മുന്നോട്ടു വന്നു. എൻ ജി ഒ കോൺഫെഡറേഷൻ പകുതി വിലയ്ക്ക് വിതരണം ചെയ്ത ലാപ്ടോപിന്റെ ബാക്കി പകുതി തുക ക്ലാരിസ്റ്റ് പ്രൊവിൻസ് എടുക്കുകയും ലാപ്ടോപിനൊപ്പം ശ്രീലക്ഷ്മി അടച്ച തുക മടക്കി നൽകുകയും ചെയ്തു.
ഓരോ കുഞ്ഞിന്റെയും വളർച്ച വളരെ പ്രതീക്ഷയോടെ സ്വപ്നം കാണുന്നവരാണ് മാതാപിതാക്കളെങ്കിൽ തങ്ങളുടെ കുഞ്ഞിന്റെ വൈകല്യം തിരിച്ചറിയുമ്പോൾ തകർന്നു പോയതിന്റെ കഥ പറയാനുണ്ട് സാൻജോ സദൻ സ്പെഷ്യൽ സ്കൂളിലെ കുട്ടികളുടെ അച്ഛനമ്മമാർക്ക്. ഈ മൗനനൊമ്പരം അഭിമാനമായി മാറുന്ന ദിനങ്ങളാണ് ശ്രീലക്ഷ്മിയുടെ കുടുംബാംഗങ്ങൾക്ക്. ജീവിതയാത്രയിൽ കൈത്താങ്ങായി കൂടെ നിൽക്കുന്ന സ്കൂൾ അധികൃതരോടും മാനേജ്‍മെന്റിനോടും അവർ നന്ദി പറഞ്ഞു. അഭിമാനർഹമായ ഈ ചുവടുവയ്പ്പിൽ കൈത്താങ്ങാകാൻ കഴിഞ്ഞതിലുള്ള സന്തോഷം സേക്രഡ ഹാർട്ട് ക്ലാരിസ്റ്റ് പ്രൊവിൻസ് സൊസൈറ്റിയുടെ സെക്രട്ടറി സി. ഷേഫി ഡേവിസ് പങ്കുവച്ചു. ലോക്കൽ മാനേജർ സി. ലിജി ഫ്രാൻസിസ്, സ്കൂൾ പ്രിൻസിപ്പൽ സി. ലിസ ജോർജ്, വാർഡ് മെമ്പർമാർ രെൻഷു, ശശികല എന്നിവർ പ്രസംഗിച്ചു.