ലണ്ടന്‍: ലണ്ടനില്‍ ഷോപ്പിങ്ങിനിടെ നടൻ ജോജു ജോര്‍ജിന്റെ പാസ്പോര്‍ട്ടും പണവും ഉള്‍പ്പെടെ മോഷണം പോയി. ജോജുവിന് പുറമെ ‘ആന്റണി’ സിനിമയുടെ നിര്‍മാതാവ് ഐൻസ്റ്റീൻ സാക്ക് പോള്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷിജോ ജോസഫ് എന്നിവരുടെ പണവും പാസ്പോര്‍ട്ടുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ജോജുവിന്റെ 2000, ഐൻസ്റ്റീന്റെ 9000, ഷിജോയുടെ 4000 പൗണ്ട് വീതം ആകെ 15000 പൗണ്ടാണ് നഷ്ടപ്പെട്ടത്. ലണ്ടനിലെ ഒക്സ്ഫോഡിലെ ബിസ്റ്റര്‍ വില്ലേജില്‍ ഷോപ്പിങ് നടത്താൻ കയറിയപ്പോഴാണ് ഇവര്‍ സഞ്ചരിച്ച ഡിഫൻഡര്‍ വാഹനത്തില്‍നിന്ന് പണം നഷ്ടപ്പെട്ടത്. ജോജുവിന് പിന്നീട് ഇന്ത്യൻ ഹൈകമീഷൻ ഇടപെടലിലൂടെ പുതിയ പാസ്പോര്‍ട്ട് ലഭ്യമായി.
ഷോപ്പിങ്ങിനെത്തിയപ്പോള്‍ കാര്‍ സമീപത്തെ പേ ആൻഡ് പാര്‍ക്കിലാണ് നിര്‍ത്തിയിട്ടിരുന്നത്. കുറച്ച് സാധനങ്ങള്‍ വാങ്ങിയ ശേഷം ജോജു ജോര്‍ജ്, കല്യാണി പ്രിയദര്‍ശൻ, ചെമ്ബൻ വിനോദ് എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ ഇവ കാറില്‍ കൊണ്ടു വെച്ചിരുന്നു. തിരികെ വീണ്ടും ഷോപ്പിങ് നടത്തി കാറിനരികില്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പണത്തിന് പുറമെ ഷോപ്പിങ് നടത്തിയ സാധനങ്ങള്‍, ലാപ്ടോപ്പുകള്‍ എന്നിവയും നഷ്ടമായി.
വിലകൂടിയ ബ്രാൻഡഡ് ഉല്‍പന്നങ്ങള്‍ ലഭിക്കുന്ന സ്ഥലമാണ് ബിസ്റ്റര്‍ വില്ലേജ്. ‘ആന്റണി’ ചിത്രത്തിന്റെ പ്രമോഷനും റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് തടാകത്തില്‍ നടന്ന വള്ളംകളിയിലും പങ്കെടുക്കാനാണ് താരങ്ങള്‍ ലണ്ടനില്‍ എത്തിയത്. ജോജു, കല്യാണി എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ചെമ്ബൻ വിനോദ് സെപ്റ്റംബര്‍ അഞ്ചിന് മടങ്ങും.
ജോഷിയുടെ സംവിധാനത്തില്‍ ഇറങ്ങുന്ന ‘ആന്റണി’യുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ജോഷിയുടെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രമായ പൊറിഞ്ചു മറിയം ജോസില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്ബൻ വിനോദ് ജോസ്, വിജയരാഘവൻ എന്നിവര്‍ തന്നെയാണ് ആന്റണിയിലും പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.