സിഗരറ്റ് ചോദിച്ചിട്ട് കൊടുക്കാത്തതിനാണത്രെ യുവതി ഇയാളുടെ കാറിന് തീ കൊടുത്തത്. പമ്പിൽ കാറിൽ ഇന്ധനം നിറച്ചു കൊണ്ടിരിക്കുകയായിരുന്ന ആളോടാണ് യുവതി സിഗരറ്റിന് ചോദിച്ചത്. എന്നാൽ, അയാൾ തന്റെ കയ്യിലില്ല എന്നോ മറ്റോ പറഞ്ഞു. പിന്നാലെ, അവൾ അയാളുടെ കാറിന് തീവയ്ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രസ്തുത വീഡിയോയിൽ ഒരു യുവതി പമ്പിൽ നിൽക്കുന്ന ഒരാളുടെ അടുത്തേക്ക് വരുന്നത് കാണാം. പിന്നീട്, അയാളോട് എന്തോ ചോദിക്കുന്നു. അയാൾ തിരിച്ച് എന്തോ മറുപടിയും പറയുന്നുണ്ട്. പിന്നാലെ, അവൾ തിരികെ അവിടെ നിന്നും നടന്ന് പോവുന്നു. എന്നാൽ, കുറച്ച് ദൂരം മുന്നോട്ട് നടന്ന ഉടൻ അവൾ തിരികെ വരുന്നതാണ് പിന്നെ കാണുന്നത്.
പിന്നീട് നടക്കുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളാണ്. തിരികെ എത്തിയ യുവതി കാറിന് തീ കൊടുക്കുകയാണ്. ആകെ പകച്ചുപോയി എങ്കിലും അയാൾ ഒട്ടും വൈകാതെ ഇന്ധനം നിറച്ചു കൊണ്ടിരുന്ന കുഴൽ കാറിൽ നിന്നും മാറ്റുന്നുണ്ട്.