കുഴുപ്പിള്ളി ബീച്ചില്‍ നാളെ ഫ്ലോട്ടിങ് ബ്രിഡ്‌ജ്‌ ഉത്ഘാടനം ചെയ്യും

Kerala

കൊച്ചി: ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്‌ജ്‌ കുഴുപ്പിള്ളി ബീച്ചില്‍ നാളെ തുറക്കും. വൈകീട്ട് 4.30നു മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എല്‍.എ അധ്യക്ഷനാകും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് രാവിലെ 9.30 മുതല്‍ ഫ്ലോട്ടിങ് ബ്രിഡ്‌ജില്‍ പൊതുജനങ്ങള്‍ക്കു പ്രവേശനമുണ്ടാകും.

100 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലത്തില്‍ കടലോളത്തിനൊപ്പം നടക്കാനാകുമെന്നതാണ് ബ്രിഡ്‌ജിന്റെ സവിശേഷത. ഒരേസമയം 50 പേര്‍ക്ക് വരെ പ്രവേശിക്കാന്‍ കഴിയുന്ന പാലത്തില്‍ ഒരാള്‍ക്ക് 120 രൂപയാണ് പ്രവേശന ഫീസ്. ഇരുവശങ്ങളിലും സുരക്ഷാ വലയങ്ങളോടു കൂടിയ പാലത്തില്‍, ലൈഫ് ജാക്കറ്റ് ഉപയോഗിച്ചാണ് പ്രവേശനം. അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം ഇല്ല. വിനോദസഞ്ചാരികളുടെ സുരക്ഷക്കായി പരിശീലനം ലഭിച്ച ലൈഫ് ഗാര്‍ഡുമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയുടെയും, കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിന്‍റെയും സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് കുഴുപ്പിള്ളി ബീച്ചില്‍ ഫ്ലോട്ടിങ് ബ്രിഡ്‌ജ്‌ നടപ്പാക്കുന്നത്. ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ സംഘടന പ്രതിനിധികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *