ചീപ്പുങ്കല്‍ – മണിയാപറമ്പ് റോഡ് ആദ്യഘട്ട ടാറിംഗിന് 3.5 കോടി

Local News

കുമരകം : ചീപ്പുങ്കല്‍ മണിയാപറമ്പ് ആദ്യ ഘട്ട റോഡ് ടാറിംഗിന് 3.5 കോടി രൂപയുടെ ഭരണാനുമതി. ബി.എം.പി.സി നിലവാരത്തില്‍ നിര്‍മ്മിക്കുന്ന റോഡിന്റെ ആദ്യ ഘട്ട ടാറിംഗിന് വേണ്ടിയാണ് തുക അനുവദിച്ചിരിക്കുന്നത്. ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മണ്ണിട്ട് ഉയര്‍ത്തിയ റോഡിന്റെ പ്രതലം ഉറയക്കുന്നതിനായി ഏകദേശം 18 മാസങ്ങള്‍ വേണ്ടിവരുമെന്ന് കണക്കാക്കുന്നതായി പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു. ആറു മാസ ഇടവേളകളില്‍ റോഡിന്റ ഉറപ്പ് പരിശോധിച്ച് നിലവാരം ഉറപ്പാക്കുന്ന ജോലികള്‍ നടക്കുമെന്നും ആവശ്യമായ ഉറപ്പ് ലഭിക്കുന്ന പക്ഷം ബി.എം.പി.സി നിലവാരത്തിലുള്ള റോഡ് നിര്‍മ്മാണം ആരംഭിക്കുമെന്നും വി.എന്‍ വാസവന്‍ പറഞ്ഞു. വാഹനങ്ങള്‍ക്ക് കടന്നു പോകുന്നതിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി റോഡ് സഞ്ചാരയോഗ്യമാക്കുകയാണ് ഇപ്പോള്‍ നടക്കുന്ന ടാറിംഗ് (സര്‍ഫസ്സ് ടാറിംഗ്) കൊണ്ട് ലക്ഷ്യമാക്കുന്നത്.

10 മീറ്റര്‍ വീതിയില്‍ മണ്ണിട്ട് ഉയര്‍ത്തിയ റോഡില്‍ ഏകദേശം ഏഴ് മീറ്റര്‍ വീതിയിലാണ് ടാറിംഗ് നടക്കുക.
ജില്ലയുടെ പടിഞ്ഞാറന്‍ മേഖല , ചേര്‍ത്തല , ആലപ്പുഴ , വെച്ചൂര്‍ തുട്ങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ സമയത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചേരാന്‍ കഴിയുന്ന റോഡാണിത്. ചീപ്പുങ്കലില്‍ നിന്നും മണിയാപറമ്പ് വഴി 10.5 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്താം. കുമരകം – കോട്ടയം വഴി മെഡിക്കല്‍ കോളേജില്‍ എത്തുന്നതിനേക്കാള്‍ ഏകദേശം 20 കിലോമീറ്റര്‍ ദൂരം ലാഭിക്കാന്‍ ഈ റോഡ് ഉപയോഗിക്കുന്നതിലൂടെ സാധിക്കും. കൂടാതെ ഏറ്റുമാനൂര്‍ , പാലാ , തൊടുപുഴ മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യാനും ചീപ്പുങ്കല്‍ – മണിയാപറമ്പ് റോഡ് ഗുണകരമാകും.

Leave a Reply

Your email address will not be published. Required fields are marked *