കുമരകം : ഭയമാണ് ഉള്ള് നിറയെ , ഇനിയെന്തായാലും മക്കളെ ഈ സ്‌കൂളിലേയ്ക്ക് വിടുന്നില്ല , കുറച്ച് ഏറെ ദൂരം നടക്കണമെന്നേയുള്ളൂ മെറ്റൊരു സ്‌കൂളിലേയ്ക്ക് മക്കളെ മാറ്റുകയാണ്. കരീമഠം സ്‌കൂളിലേയ്ക്ക് പോകും വഴി പാലത്തില്‍ നിന്നും തോട്ടില്‍ വീണ എല്‍.കെ.ജി വിദ്യാര്‍ത്ഥി ആയൂഷിന്റെ അമ്മ പ്രിനിയുടെ വാക്കുകളാണിത്. കണ്ണില്‍ എന്റെ കുഞ്ഞ് വീഴുന്ന കാഴ്ചയാണ് , എനിക്ക് വൃത്തിയായി വള്ളം തുഴയാനോ വെള്ളത്തില്‍ പരിചയമോ ഇല്ല ഇനിയും ഒരു പരീക്ഷണത്തിന് സാധിക്കില്ല , ഇക്കരെ വഴി ഗതാഗത യോഗ്യമാക്കിയാല്‍ 30ലധികം വരുന്ന കുടുംബങ്ങള്‍ക്ക് അത് ആശ്വാസകരമാകുമെന്നും പ്രിനി സിറ്റി വോയ്സിനോട് പറഞ്ഞു.
ഏതാനും മാസം മുമ്പ് സഞ്ചാരത്തിന് അടിസ്ഥാന സൗകര്യമില്ലാത്തതിന്റെ പേരില്‍ സ്‌കൂളിലേയ്ക്ക് വള്ളത്തില്‍ പോയ വിദ്യാര്‍ത്ഥിനി അനശ്വരയുടെ അപകട മരണം നാടിനെ നടുക്കിയതിന് പിന്നാലെയാണ് ഈ അപകടം നടക്കുന്നത്. അയ്മനം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ 30 ഓളം വരുന്ന വരുന്ന വീടുകളില്‍ നിന്നും നിരവധി കുട്ടികളാണ് കരീമഠം സ്‌കൂളിനെ ആശ്രയിക്കുന്നത്.
അനശ്വരയുടെ മരണത്തെ തുടര്‍ന്ന് കരീമഠത്തിലെത്തിയ സ്ഥലം എം.എല്‍.എ യും മന്ത്രിയുമായ വി.എന്‍ വാസവനെ പ്രദേശവാസികള്‍ തടഞ്ഞത് സഞ്ചാരയോഗ്യമായ വഴിക്ക് വേണ്ടിയായിരുന്നു. പഞ്ചായത്തും വാര്‍ഡ് മെമ്പറും നിരവധി വാഗ്ദാനങ്ങള്‍ തന്നിട്ടുണ്ടെങ്കിലും അയ്മനം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ അടിസ്ഥാന സൗകര്യം പോലും ആവശ്യത്തിനില്ലെന്ന് ജനങ്ങള്‍ പറയുന്നു.
കരീമഠം വെല്‍ഫെയര്‍ യുപി സ്‌കൂളിലേക്കു പോകാന്‍ വീടിനു സമീപത്തെ നടപ്പാലത്തിലേക്കു കയറിയ എല്‍.കെ.ജി വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വെള്ളത്തില്‍ വീഴുകയും മറ്റൊരാള്‍ കൈവരിയില്‍ പിടിച്ചുനിന്ന് രക്ഷപെടുകയുമായിരുന്നു. സ്‌കൂള്‍ കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ ചെയ്യാന്‍ എത്തിയ സംഘത്തിലെ ചന്തു മുരളി മൂലവട്ടം , ദീപു മധു ദേവലോകം, അനീഷ് മൂലവട്ടം എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുത്തന്‍പറമ്പ് ജിനീഷ് പ്രിനി ദമ്പതികളുടെ മകന്‍ ആയൂഷ്(5) ആണു വെള്ളത്തില്‍ വീണത്. പരുത്തിപ്പറമ്പ് കിരണ്‍ മിഥില ദമ്പതികളുടെ മകന്‍ ആരുഷ്(5) പാലത്തിന്റെ കൈവരിയില്‍ തൂങ്ങി പിടിച്ച് കിടക്കുകയായിരുന്നു.
24 അടിയിലേറെ വീതിയുള്ള തോട്ടില്‍ 4 തൂണില്‍ പാലം പണിതിരിക്കുന്നതിനാല്‍ യാത്രക്കാര്‍ കയറുമ്പോള്‍ ബലക്കുറവു മൂലം ആടിയുലയും. പാലം ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. പുതിയ പാലം പണിയാന്‍ അയ്മനം പഞ്ചായത്ത് നടപടിയെടുക്കുന്നില്ല. അതേസമയം വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റവും അധികം തുക ചിലവാക്കിയത് ഒന്നാം വാര്‍ഡിലാണെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് പറഞ്ഞു. കരീമഠത്തില്‍ എല്ലായിടത്തും വാഹനം എത്തുന്ന നിലയിലേയ്ക്ക് വഴികളെ ഒരുക്കാന്‍ സാധിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഘട്ടം ഘട്ടമായി നടപ്പിലാക്കി വരികയാണെന്നും , ഈ പാലത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച് ഒരു പ്രൈവറ്റ് കമ്പനിയുമായി ധാരണയായിട്ടുണ്ട് അവുടെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് പാലത്തിന്റെ പുനര്‍ നിര്‍മ്മാണം കഴിയും വേഗം നടത്തുമെന്നും ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ മനോജ് കരീമഠം പറഞ്ഞു.