കുമരകം : നവീകരിച്ച ലാബിന്റെ ഉദ്ഘാടനം എൽഡിഎഫ് കൺവീനറുടെ നേതൃത്വത്തിൽ എൽഡിഎഫ് ഘടകകക്ഷിയിലെ ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ ബഹിഷ്കരിച്ചു. അംഗങ്ങൾ ബഹിഷ്കരിച്ചെങ്കിലും ഹോസ്പിറ്റൽ ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു നിർവഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പ്രസിഡന്റ് ആര്യാ രാജന് അദ്ധ്യക്ഷത വഹിച്ചു.
2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ലാബ് നവീകരിച്ചതെന്ന ബ്ലോക്ക് പഞ്ചായത്ത് വാദം തെറ്റാണെന്നും 2019 -20 വാർഷിക പദ്ധതിയിൽ മുൻ ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹൻ 15 ലക്ഷം രൂപ നൽകി ആധുനിക ലാബ് ഉപകരണങ്ങൾ വാങ്ങാൻ ഉൾപ്പെടുത്തിയ പദ്ധതിയായിരുന്നു ഇതെന്നും എച്ച് എം സി അംഗങ്ങൾ പറഞ്ഞു. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്കു വഹിക്കുന്ന വ്യക്തിത്വങ്ങളെയും എച്ച് എം സി മെമ്പർമാരെ ഉൾപ്പെടുത്താതെ ഉദ്ഘാടനം നടത്തുന്നതിനെതിരെയും പദ്ധതിയെ സംബന്ധിച്ചുള്ള തർക്കവുമാണ് പ്രതിഷേധത്തിന് കാരണമായത്. വിവിധ രാഷ്ട്രീ പാർട്ടികൾ നോമിനേറ്റ് ചെയ്തു വരുന്ന ഭൂരിഭാഗം എച്ച് എം സി അംഗങ്ങളും ചടങ്ങിൽ നിന്നും വിട്ടു നിന്നു.
സിപിഐ ലോക്കൽ സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ പി വി പ്രസേനൻറെ നേതൃത്വത്തിൽ പുഷ്കരൻ കുന്നത്തു ചിറ (കേരള കോൺഗ്രസ്സ് (എം) ) , ടോണി കുമരകം ( ജനദദൾ ), അഭിലാഷ് ശ്രീനിവാസൻ ( എൻ സി.പി ) ഉൾപ്പെടെയുള്ള എച്ച് എം സി അംഗങ്ങളാണ് ഉദ്ഘാടനം ബഹിഷ്കരിച്ചത്.