ഇടുക്കി: കുമളിയില്‍ മക്കള്‍ ഉപേക്ഷിച്ചു പോയ വയോധികയ്‌ക്ക് ദാരുണാന്ത്യം. അട്ടപ്പള്ളം സ്വദേശി അന്നക്കുട്ടി മാത്യു ആണ് മരിച്ചത്. വാടകവീട്ടില്‍ ഒറ്റയ്‌ക്ക് താമസിച്ചു വരികയായിരുന്ന അന്നക്കുട്ടി രോഗബാധിതയായതിനെ തുടർന്ന് പോലീസ് ഇവരെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഭർത്താവ് മരിച്ച അന്നക്കുട്ടി വർഷങ്ങളായി വാടക വീട്ടില്‍ ഒറ്റയ്‌ക്കാണ് താമസിച്ചു വന്നിരുന്നത്. ഇവർക്ക് ഒരു മകനും മകളുമുണ്ടെങ്കിലും രണ്ടു പേരും അന്നക്കുട്ടിയെ ഉപേക്ഷിച്ചു പോയിരുന്നു. മകന്റെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന അന്നക്കുട്ടിയുടെ സ്വത്തുക്കള്‍ ഇരുമക്കള്‍ക്കുമായി വീതിച്ചു കൊടുത്തു. ഇത് കയ്യില്‍ കിട്ടിയതോടെ ഇരുവരും അമ്മയെ വാടക വീട്ടിലാക്കി ഉപേക്ഷിച്ചു പോയി. താമസിക്കുന്ന വീട്ടിലെ നായയെ നോക്കാൻ ആളില്ലാത്തതിനാലാണ് അമ്മയെ മകൻ വാടക വീട്ടിലാക്കി പോയതെന്ന് പോലീസ് പറയുന്നു.
മകള്‍ മാസംതോറും അയച്ചു കൊടുത്തിരുന്ന തുച്ഛമായ പണം കൊണ്ടായിരുന്നു വയോധിക ജീവിച്ചിരുന്നത്. പിന്നീട് അതും നിലയ്‌ക്കുകയായിരുന്നു. ഇതിനിടെയില്‍ വയോധിക വഴുതി വീണ് കയ്യൊടിഞ്ഞതിനാല്‍ പണിക്ക് പോകുന്നതും ബുദ്ധിമുട്ടിലായി. ഇതോടെ ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയായിരുന്നു ഇവർ. തുടർന്ന് നാട്ടുകാർ അന്വേഷിച്ച് വീട്ടില്‍ എത്തിയതോടെയാണ് അന്നക്കുട്ടിയുടെ ദുരിതാവസ്ഥ പുറത്തറിഞ്ഞത്. തുടർന്ന് പോലീസിന്റെ സഹായത്തോടെ ഇവരെ ആശുപത്രിയില്ലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.