കുടുംബശ്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവവേളയില്‍ ഒരു ദിവസം വര്‍ക്ക് ഫ്രം ഹോം അനുവദിക്കും : എംബി രാജേഷ്

Breaking Kerala

കുടുംബശ്രീ ജീവനക്കാർക്ക് ഇനി ആർത്തവവേളയില്‍ ഒരു ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർത്തവകാലത്ത് സ്ത്രീകള്‍ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തുകൊണ്ടാണ് കുടുംബശ്രീ ഗവേണിംഗ്‌ബോഡി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മന്ത്രി അറിയിച്ചു.

നഗരമേഖലയില്‍ വിവിധ സേവനങ്ങള്‍ക്കായി കുടുംബശ്രീയുടെ പ്രൊഫഷണല്‍ ടീം ‘ക്വിക് സർവ്’ പദ്ധതിയുടെ ഉദ്ഘാടനവും ‘രചന’ സമാപനം, അയല്‍ക്കൂട്ട, എ.ഡി.എസ്,സി.ഡി.എസ് തലങ്ങളില്‍ പ്രവർത്തനം തുടങ്ങുന്ന ജെൻഡർ പോയിൻറ് പേഴ്‌സണ്‍ പ്രഖ്യാപനവും ചടങ്ങില്‍ മന്ത്രി നിർവഹിച്ചു.

കേരളത്തിലെ സാമൂഹ്യ മണ്ഡലത്തില്‍ സ്ത്രീസുരക്ഷയും ലിംഗപദവി തുല്യതയും ഉറപ്പു വരുത്തുന്നതിന് കുടുംബശ്രീ പ്രവർത്തനങ്ങള്‍ വഴി സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വർഷം കൊണ്ട് കേരളീയ സ്ത്രീജീവിതത്തിന്റെ തലവര മാറ്റിയതുപോലെ സാമൂഹ്യജീവിതത്തിന്റെ വിധിവാക്യങ്ങളെ മാറ്റിയെഴുതാനും കുടുംബശ്രീക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീശാക്തീകരണത്തിന്റെ പ്രധാന ഉപാധിയായി കുടുംബശ്രീ മാറിയിട്ടുണ്ട്. കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലത്തെ പ്രവർത്തനങ്ങളിലൂടെ സാമൂഹ്യ സാമ്ബത്തിക സ്ത്രീശാക്തീകരണ രംഗത്ത് ശ്രദ്ധേയമായ പങ്കു വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്ത്രീശാക്തീകരണത്തിനൊപ്പം സ്ത്രീസുരക്ഷയ്ക്കും തുല്യപ്രാധാന്യം നല്‍കുന്ന പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. പലതിന്റെയും പേരില്‍ മാറ്റിനിർത്തപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്ന ഈ കാലത്ത് എല്ലാവരേയും ഉള്‍ച്ചേർത്തു കൊണ്ടു മുന്നോട്ടു പോവുന്ന പ്രവർത്തനമാണ് കുടുംബശ്രീയുടേത്. ആഗോളതലത്തില്‍ ശ്രദ്ധനേടിയ മികച്ച പ്രവർത്തനങ്ങളിലൂടെ സാമൂഹ്യ സാമ്ബത്തിക സ്ത്രീശാക്തീകരണ വഴികളില്‍ ദീർഘദൂരം പിന്നിടാൻ കുടുംബശ്രീക്കായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ ‘ക്വിക്ക് സെർവ്’ ടീമിനുള്ള തിരിച്ചറിയല്‍ കാർഡ് വിതരണവും ലോഗോ പ്രകാശനവും അവർ നിർവഹിച്ചു.’വനിതകളില്‍ നിക്ഷേപിക്കുക, പുരോഗതിയെ ത്വരിതപ്പെടുത്തുക’ എന്ന ഈ വർഷത്തെ അന്താരാഷ്ട്ര വനിതാദിന സന്ദേശം ഇരുപത്തിയഞ്ച് വർഷം മുമ്ബേ നടപ്പാക്കിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും അതിഗംഭീരമായ ഒരു യാത്രയാണ് കുടുംബശ്രീ പിന്നിട്ടതെന്നും വിശിഷ്ടാതിഥിയായ ചലച്ചിത്ര സംവിധായികയും മാധ്യമ പ്രവർത്തകയുമായ വിധു വിൻസെൻറ് പറഞ്ഞു.

ഉടലിന്റെ വൈവിധ്യങ്ങള്‍ക്കപ്പുറം ട്രാൻസ്‌ജെൻഡറുകളെ കൂടി ചേർത്തു നിർത്തുന്ന കുടുബശ്രീയുടെ പ്രവർത്തനം ഏറെ ശ്രദ്ധേയമാണെന്ന് എഴുത്തുകാരി വിജയരാജ മല്ലിക പറഞ്ഞു. കൂട്ടത്തില്‍ ഒരാള്‍ ദുർബലമാകുമ്ബോള്‍ കൂടെ ചേർത്തു നിർത്തുന്നതിനൊപ്പം അനേകായിരം സ്ത്രീകള്‍ കരുത്തരായി മുന്നോട്ടു വരുന്ന പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് ചലച്ചിത്ര താരം ഷൈലജ പി. അംബു പറഞ്ഞു.

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് 1070 സി.ഡി.എസുകളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ‘രചന’ പുസ്തകങ്ങളുടെ പ്രകാശനം പതിനാല് ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത 14 സി.ഡി.എസ് അധ്യക്ഷമാർ, മുഖ്യാതിഥികള്‍, എക്‌സിക്യൂട്ടീവ് ഡയറക്ടർ എന്നിവർ സംയുക്തമായി നിർവഹിച്ചു.

മികച്ച പ്രവർത്തനം കാഴ്ച വച്ച തിരുവനന്തപുരം നന്ദിയോട്, മലപ്പുറം വാഴയൂർ ജെൻഡർ റിസോഴ്‌സ് സെന്ററുകള്‍, മികച്ച സ്‌നേഹിത’യ്ക്കുമുള്ള അവാർഡ് നേടിയ മലപ്പുറം സ്‌നേഹിത ജെൻഡർ ഹെല്‍പ് ഡെസ്‌ക് എന്നിവയുടെ പ്രതിനിധികള്‍ക്ക് വിശിഷ്ടാതിഥികളായി എത്തിയ ചലച്ചിത്ര സംവിധായിക വിധു വിൻസെന്റ്, വിജയരാജ മല്ലിക, ശൈലജ പി.അംബു എന്നിവർ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

ജെൻഡർ പോയിന്റ് പേഴ്‌സണ്‍മാർക്കുള്ള ഐ.ഡി കാർഡ് വിതരണം സംസ്ഥാന സർക്കാരിന്റെ മുൻ ജെൻഡർ കണ്‍സള്‍ട്ടന്റ് ഡോ. ടി.കെ ആനന്ദി നിർവഹിച്ചു. സ്‌നേഹിത ജെൻഡർ ഹെല്‍പ് ഡെസ്‌ക്, ജെൻഡർ റിസോഴ്‌സ് സെന്റർ എന്നിവയിലൂടെ ലഭിച്ച സേവനങ്ങളും ജീവിതാനുഭവങ്ങളും പങ്കു വച്ച കുടുംബശ്രീ വനിതകള്‍ക്ക് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഉപഹാരം നല്‍കി.

കുടുംബശ്രീ ഗവേണിംഗ്‌ബോഡി അംഗങ്ങളായ ഗീത നസീർ, സ്മിത സുന്ദരേശൻ, വാർഡ് കൗണ്‍സിലർ രാഖി രവികുമാർ, കോർപ്പറേഷൻ സി.ഡി.എസ്1,2,3,4 സി.ഡി.എസുകളിലെ അധ്യക്ഷമാരായ സിന്ധു ശശി, വിനീത. പി, ഷൈന. എ, ബീന. പി എന്നിവർ ആശംസകള്‍ അർപ്പിച്ചു. കുടുംബശ്രീ ഡയറക്ടർ കെ.എസ്. ബിന്ദു നന്ദി പറഞ്ഞു.

ഉച്ചകഴിഞ്ഞ് ‘ലിംഗാധിഷ്ഠിത അതിക്രമവുമായി ബന്ധപ്പെട്ട ഇടപെടലുകളും വെല്ലുവിളികളും’, എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ വിവിധ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം ‘മാനസിക ആരോഗ്യം-നൂതന പ്രവണതകള്‍, വെല്ലുവിളികള്‍, പരിഹാര മാർഗങ്ങള്‍’ എന്ന വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിദഗ്ധൻ ഡോ.അരുണ്‍.ബി.നായർ പ്രഭാഷണം നടത്തി.

രാവിലെ ഉദ്ഘാടന പരിപാടിക്കു മുന്നോടിയായി സംഘടിപ്പിച്ച സെഷനില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഐ.എ.എസ് ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് രംഗശ്രീ പ്രവർത്തകരും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളും ചേർന്ന് അവതരിപ്പിക്കുന്ന കലാപ്രകടനവും കുടുംബശ്രീയുടെ ‘ധീരം’ കരാട്ടെ പരിശീലന പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിശീലനം നേടിയ മാസ്റ്റർ പരിശീലകരുടെ കരാട്ടെ പ്രദർശനവും വേദിയില്‍ അരങ്ങേറി. സ്‌നേഹിത ജെൻഡർ ഹെല്‍പ് ഡെസ്‌ക്, ജെൻഡർ റിസോഴ്‌സ് സെൻറർ എന്നിവയിലൂടെ ലഭ്യമായ സേവനങ്ങള്‍ തങ്ങളുടെ ജീവിതത്തെ എപ്രകാരം സഹായിച്ചുവെന്ന് ഗുണഭോക്താക്കള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചു.

‘വനിതകളില്‍ നിക്ഷേപിക്കുക, പുരോഗതിയെ ത്വരിതപ്പെടുത്തുക’ എന്ന ഈ വർഷത്തെ അന്താരാഷ്ട്ര വനിതാദിന സന്ദേശം അർത്ഥവത്താക്കിയാണ് കുടുംബശ്രീയുടെ വനിതാദിനാഘോഷം സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *