ഞീഴൂർ : പഞ്ചമി കുടുംബശ്രീ അംഗങ്ങൾക്ക് ഇന്ന് പിന്നിട്ട ഓർമ്മളിലേക്ക് തിരികെ പോയ ദിവസം കൂടിയായിരുന്നു. പതിവ് പോലെ രാവിലെ എഴുന്നേറ്റ് കുട്ടികളെ സ്കൂളിലേക്ക് അയക്കാനും ജോലിക്കു പോകുന്ന ഭർത്താക്കൻമാർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുവാനൊന്നും ഇന്നവർ മെനക്കെട്ടില്ല. പകരം അവർ സ്വന്തമായി സ്ക്കൂളിലേക്ക് പോകുവാനുള്ള തിരക്കിലായിരുന്നു.”തിരികെ സ്ക്കൂളിലേക്ക് ” എന്ന സർക്കാരിൻ്റെ പുതിയ പരിപാടി അവർ യാഥാർത്ഥ്യമാക്കി മാറ്റുകയായിരുന്നു. നീല പാവാടയും, വെള്ള ബ്ലൗസും, റോസ് റിബണും കെട്ടി സ്കൂൾ ബാഗും തൂക്കി അവർ ഒന്നിച്ച് നടന്ന് സ്കൂളിലേക്ക് പോയത് കാഴ്ചക്കാർക്ക് കൗതുകമായി.അവരുടെ കുട്ടികലത്തെ ഇഷ്ട വിഭവമായിരുന്ന നാരങ്ങാ മിഠായിയും കോലുമിഠായിയുമൊക്കെ വാങ്ങുവാൻ വീട്ടിൽ നിന്നും ചില്ലറ വാങ്ങിയാണ് പോന്നതെങ്കിലും
ഞായറാഴ്ച ആയതിനാൽ രാവിലെ കടകളൊന്നും തുറക്കാത്തതിനാൽ കൂട്ടുകാരി മായബിജു ബാഗിൽ ഇട്ടു കൊണ്ട് വന്ന ചാമ്പങ്ങായും തിന്നു കൊണ്ടാണ് സ്ക്കൂളിലേക്ക് നടന്നത്.ഈ കുടുംബശ്രീ അംഗങ്ങൾക്ക് ഇന്നലെ ഉത്രാട പാച്ചിലിനേക്കാൾ തിരക്കേറിയ ദിവസമായിരുന്നു. തിരികെ സ്കൂളിലേക്കെത്തുമ്പോൾ തങ്ങളുടെ പ്രായവും പിന്നിലേക്ക് തിരിച്ചു പോകണമെന്ന് അവർ തീരുമാനിക്കുകയായിരുന്നു.
അതിന് അവർ മേക്കപ്പ് സാധനങ്ങൾ വാങ്ങുന്നതിരക്കിലായിരുന്നു.
ഈ ഗ്രൂപ്പിലെ തന്നെ അംഗങ്ങളായ കുമാരി സുകുമാരനും, സുജ ഷാജിയും
യൂണീഫോം തയിക്കുന്ന തിരക്കിലായിരുന്നു രണ്ട് ദിവസമായി. പുലർച്ച തന്നെ എല്ലാവരും എണീറ്റ് ചോറും കറികളുമൊക്കെയുണ്ടാക്കി ചോറ്റുപാത്രങ്ങളിലാക്കി വച്ചു. പിന്നെ തിരക്കിട്ട ഒരുക്കങ്ങൾ പൂർത്തിയായപ്പോൾ സമയം 9.30 ആയി. ഇവരെ ഒരുക്കി സ്ക്കൂളിലേക്ക് അയക്കുവാനുള്ള തിരക്കിലായിരുന്നു ഇവരുടെ ഭർത്താക്കൻമാരും. പഞ്ചമി കുടുംബശ്രീ അംഗങ്ങളായ മായാ ബിജു ,
വത്സ ഷാജി, ശാന്തമ്മ രവി, സുജശിവദാസ്, മിനി റെജി, സുജ ഷാജി, ഷൈനി അഭിലാഷ്, കുമാരി സുകുമാരൻ
എന്നിവരാണ് സ്കൂളിലേക്ക് എത്തിയത്.
എല്ലാവരും ഒത്തുകൂടി ഒരുമിച്ചാണ് ഞീഴൂരിലെ വിശ്വഭാരതി സ്ക്കൂളിലേക്ക് പോയത്.
യൂണീഫോം അണിഞ്ഞ് പഞ്ചമി കുടുംബശ്രീ അംഗങ്ങൾ “തിരികെ സ്കൂളിലേക്ക്” എത്തി
