കടുത്തുരുത്തി: വീട്ടമ്മമ്മാരുള്‍പ്പെടെയുള്ള സാധാരണക്കാരായ നൂറുകണക്കിനാളുകളെ കമ്പിളിപ്പിച്ചു മുന്‍ വനിതാജന പ്രതിനിധിയുടെയും മുന്‍ ബാങ്ക് മാനേജരുടെയും നേതൃത്വത്തില്‍ ലക്ഷകണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി കമ്പിളിപ്പിച്ചതായി പരാതി. സഹകരണസംഘത്തില്‍ നിന്നും ബാങ്കില്‍ നിന്നും തങ്ങള്‍ എടുക്കാത്ത വായ്പയുടെ തിരിച്ചടവ് ആവശ്യപെട്ട് കോടതിയില്‍ നിന്നും സമന്‍സ് ലഭിച്ചതായി വീട്ടമ്മമാര്‍ പറയുന്നു. തങ്ങള്‍ ഒരു രൂപ പോലും എടുക്കാത്ത വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപെട്ട് ബാങ്കില്‍ നിന്നും സഹകരണ സ്ഥാപനത്തില്‍ നിന്നും കോടതയില്‍ നിന്നുമെല്ലാം നോട്ടീസ് ലഭിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. മാഞ്ഞൂര്‍ പഞ്ചായത്ത് നിവാസികളായ വീട്ടമ്മമാരാണ് കമ്പളിപ്പിക്കപെട്ടതായി കാണിച്ചു പരാതിയുമായെത്തിയിരിക്കുന്നത്.
ഇതുമായി ബന്ധപെട്ട് മാഞ്ഞൂര്‍ പഞ്ചായത്ത് മുന്‍ മെമ്പറും കേരളാ കോണ്‍ഗ്രസ് എം അംഗവുമായ സൂസന്‍ ഗര്‍വാസീസ്, ഗ്രാമീണ്‍ ബാങ്ക് കുറുപ്പന്തറ ശാഖയുടെ മുന്‍ മാനേജരായിരുന്ന വിജയന്‍, മാഞ്ഞൂര്‍ പഞ്ചായത്ത് സിഡിഎസ് മുന്‍ ഭാരവാഹിയായിരുന്ന ശ്രീദേവി എന്നിവര്‍ക്കെതിരെ വീട്ടമ്മമാര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ബാങ്കില്‍ നിന്നുള്ള വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപെട്ട് 20 ഓളം പേര്‍ക്കാണ് സമന്‍സ് ലഭിച്ചതെന്നും ഇവര്‍ പറയുന്നു. ആദ്യം വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നു. ഇക്കാര്യം ചോദിച്ചപ്പോള്‍ ആറ് മാസത്തിനകം പണം തിരിച്ചടച്ചു കൊള്ളാമെന്നു അറിയിച്ചു സൂസന്‍ ഗര്‍വാസീസ് മുദ്രപത്രത്തില്‍ എഴുതി നല്‍കിയെന്നും എന്നാല്‍ സമന്‍സ് വന്നതോടെ മറ്റു മാര്‍ഗമില്ലാതായതോടെ പരാതി നല്‍കുകയായിരുന്നുവെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു. 2017 ലാണ് തട്ടിപ്പിന് തുടക്കം കുറിച്ചതെന്ന് പരാതിയില്‍ പറയുന്നു. ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നതിന് ഒപ്പം വരണമെന്നും വേണ്ടി വന്നാല്‍ സാക്ഷിയായി ഒപ്പിടണമെന്നും ആവശ്യപെട്ടാണ് ബാങ്കുമായി ബന്ധപെട്ട് തട്ടിപ്പ് നടത്തിയതെന്നും ഇവര്‍ ആരോപിക്കുന്നു. കോതനല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന കടുത്തുരുത്തി ബ്ലോക്ക് വനിതാസഹകരണ സംഘം, ഗ്രാമീണ്‍ ബാങ്കിന്റെ കുറുപ്പന്തറ ശാഖ എന്നിവയുമായി ബന്ധപെട്ടാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്നും വീട്ടമ്മമാര്‍ പറയുന്നു. വനിതകളുടെ പേരില്‍ ജെഎല്‍ജി (ജോയിന്റ് ലയബലിറ്റി ഗ്രൂപ്പ്) വായ്പയാണ് എടുത്തിരിക്കുന്നത്. തൊഴിലുറപ്പ്, കുടുംബശ്രീ അംഗങ്ങള്‍ക്ക് പരസ്പര ജാമ്യത്തില്‍ സ്വയം സംരഭം തുടങ്ങുന്നതിനോ, കൃഷിക്കോ, മറ്റു ആവശ്യങ്ങള്‍ക്കോ ലഭിക്കുന്ന വായ്പയിലാണ് വ്യപകമായി കൃത്രിമം നടന്നിരിക്കുന്നത്. ആധാര്‍ കാര്‍ഡ്, ഫോട്ടോ എന്നിവ മാത്രം നല്‍കിയാല്‍ ഇത്തരം വായ്പകള്‍ ലഭിക്കും. മറ്റു ഈടുകളൊന്നും ഈ വായ്പകള്‍ക്ക് ആവശ്യമില്ല. വായ്പ എടുക്കുന്നതിന് ആവശ്യക്കാര്‍ ഒപ്പിട്ട് നല്‍കിയാല്‍ മതി. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം എങ്ങനെ നടത്തിയെന്നും വ്യാപകമായി നടത്തിയ തട്ടിപ്പിനെ കുറിച്ചും അന്വേഷണം നടത്തി തങ്ങള്‍ക്ക് നീതി കിട്ടണമെന്നാവിശ്യപെട്ടാണ് വീട്ടമ്മമാര്‍ പരാതി നല്‍കിയിരിക്കുന്നത്. സംഘത്തില്‍ നിന്നും ബാങ്കില്‍ നിന്നും നോട്ടീസ് ലഭിച്ചപ്പോഴാണ് തങ്ങള്‍ തട്ടിപ്പിനിരയായ വിവരം ആളുകള്‍ അറിയുന്നത്. കോതനല്ലൂര്‍ നിവാസികളായ നിരവധി വീട്ടമ്മമാര്‍ക്ക് കുടിശിഖ തുക തിരിച്ചടയ്ക്കാന്‍ ആവശ്യപെട്ട് നോട്ടീസ് തുടരെ ലഭിക്കുകയായിരുന്നു. ഓരോ വ്യക്തിയുടെയും പേരില്‍ 50,000 രൂപയുടെ വായ്പയാണ് എടുത്തിരിക്കുന്നത്. എന്നാലിപ്പോള്‍ ഈ തുക ഇരട്ടിയിലേറേയായെന്നും പരാതിക്കാര്‍ പറയുന്നു. പലരെയും കമ്പളിപ്പിച്ചാണ് സംഘത്തിലും ബാങ്കിലുമെത്തിച്ചു ഒപ്പിടിച്ചതെന്നും തട്ടിപ്പിനിരയായവര്‍ പറയുന്നു. സംഘത്തില്‍ സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് കുടിശിഖകാര്‍ക്ക് തിരിച്ചടയ്ക്കാന്‍ ആവശ്യപെട്ട് നോട്ടീസ് അയച്ചത്.
————————–
കോതനല്ലൂര്‍: ഗ്രാമീണ്‍ ബാങ്കില്‍ നിന്നും കടുത്തുരുത്തി ബ്ലോക്ക് വനിതാസഹകരണ സംഘത്തില്‍ നിന്നും വായ്പയെടുത്തിട്ടുണ്ടെന്നും ഈ തുക തിരിച്ചടച്ചു കൊള്ളാമെന്നു രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും സൂസന്‍ ഗര്‍വാസീസ്. ഗ്രാമീണ്‍ ബാങ്കില്‍ നിന്നും ആറ് ജെഎല്‍ജി ഗ്രൂപ്പുകളുടെ പേരില്‍ 15 ലക്ഷം രൂപയും സഹകരണ സംഘത്തില്‍ നിന്നും എട്ട് ലക്ഷം രൂപയുമാണ് വായ്പയെടുത്തിരിക്കുന്നത്. 2017 ല്‍ ബാങ്കില്‍ നിന്നെടുത്ത വായ്പ 2020 വരെ പുതുക്കിയിരുന്നു. എന്നാല്‍ പിന്നീട് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പുതുക്കാനായില്ല. അതിപ്പോല്‍ പലിശ ഉള്‍പെടെ 25 ലക്ഷത്തോളമായിട്ടുണ്ട്. സംഘത്തില്‍ നിന്നും എടുത്ത വായ്പ പലിശ ഉള്‍പെടെ ഇപ്പോള്‍ 18 ലക്ഷത്തോളമായെന്നും സൂസന്‍ പറഞ്ഞു. എന്നാല്‍ പോലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ബാങ്കിലെ പണം അടച്ചു വീട്ടുന്നതിന് ആറ് മാസത്തെ സാവകാശം നല്‍കണമെന്നും അതിനുള്ളില്‍ അടച്ചു തീര്‍ക്കാമെന്നും കാണിച്ചു മുദ്രപത്രത്തില്‍ ആളുകള്‍ക്ക് എഴുതി നല്‍കിയിരുന്നു. സംഘത്തിലെ പണം തിരിച്ചടയ്ക്കാന്‍ ഒരു മാസത്തെ സമയം ആവശ്യപെട്ട് സഹകരണസംഘം അധികൃതര്‍ക്കും രേഖാമൂലം എഴുതി നല്‍കിയിരുന്നതായി സൂസന്‍ ഗര്‍വാസീസ് പറയുന്നു. എന്നാലിപ്പോള്‍ നടക്കുന്ന ശ്രമങ്ങള്‍ തന്നെ അപമാനിക്കാനാണെന്നും സൂസന്‍ പറയുന്നു. താന്‍ മാത്രമല്ല പലരും വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയെങ്കിലും ഇതൊന്നും ആര്‍ക്കും പ്രശ്‌നമല്ലെന്നുമാണ് സൂസന്റെ ആരോപണം.