കൊച്ചി: കെ.എസ്.ആർ.ടി.സിയെ റീഷെഡ്യൂള്‍ ചെയ്യുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഒരു ദിവസം രണ്ട് ലക്ഷം രൂപയുടെ ഡീസല്‍ ലാഭിക്കുമെന്നും അനാവശ്യ ബസ് റൂട്ടുകള്‍ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷവും പരാതി പറയുന്നുണ്ടെന്നും ഒരു ഫയല്‍ അഞ്ച് ദിവസത്തില്‍ കൂടുതല്‍ പിടിച്ചുവെക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമെന്നും മന്ത്രി. 80 വണ്ടികള്‍ രജിസ്റ്റർ ചെയ്യാൻ കഴിയാതെ ഡോക്കില്‍ കിടക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത നടക്കില്ല, പണിയെടുക്കാൻ പറ്റാത്തവർ വീട്ടില്‍ പോയി ഇരുന്നോട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഏഴര വർഷമായി പെൻഷൻ കൊടുക്കുന്നത് സംസ്ഥാനമാണെന്നും സഹകരണ മന്ത്രിയുമായുള്ള മീറ്റിംഗിന് ശേഷം പെൻഷൻ കൊടുക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും താൻ മന്ത്രിയായപ്പോള്‍ മുഖ്യമന്ത്രി ആദ്യം ആവശ്യപ്പെട്ടത് ജീവനക്കാർക്ക് ശമ്ബളം ഒരുമിച്ച് നല്‍കണം എന്നാണെന്നും മുഖ്യമന്ത്രിയുടെ പൂർണ പിന്തുണ തനിക്കുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.
കുത്തഴിഞ്ഞ ഈ പുസ്തകം കൂട്ടികെട്ടാനെ എനിക്ക് സാധിക്കു. കെ.എസ്.ആർ.ടി.സിയുടെ എല്ലാ സർവീസുകളും സോഫ്റ്റ്‌വെയറില്‍ ആക്കും. പ്രത്യകം ആപ്പ് പുറത്തിറക്കും. താൻ കെ.എസ്.ആർ.ടി.സിയുടെ മാത്രം മന്ത്രിയല്ലെന്നും പ്രൈവറ്റ് ബസുകളുടെയും മന്ത്രിയാണെന്നും കൂടുതല്‍ പ്രൈവറ്റ് ബസുകളും കേരളത്തില്‍ വേണമെന്നും പ്രൈവറ്റ് ബസും കെ.എസ്.ആർ.ടിസിയുമായുള്ള മത്സരയോട്ടമാണ് റോഡില്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രൈവറ് ബസുകാർക്ക് റൂട്ട് സ്വന്തമായി തീരുമാനിക്കാൻ ആവില്ലെന്നും ഇടക്ക് റൂട്ട് കട്ട് ചെയുന്ന പ്രൈവറ്റ് ബസുകാർക്ക് എതിരെ നടപടി എടുക്കുമെന്നും കേരളത്തിന്റെ മുക്കിലും മൂലയിലും പൊതുഗതാഗതം എത്തിക്കുമെന്നും പറഞ്ഞ മന്ത്രി 1000 പുതിയ റൂട്ടുകള്‍ കണ്ടെത്തുമെന്നും 40% ആദ്യം തുടങ്ങുമെന്നും ലാഭം ആണെന് കാണുമ്ബോള്‍ ബാക്കി 60% താനേ വരുമെന്നും പറഞ്ഞു.
സ്വകാര്യ നിക്ഷേപത്തെ കുറച്ചിലായി കാണേണ്ടതില്ലെന്നും സ്വകാര്യ നിക്ഷേപം വന്നാലേ സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്ബളം കിട്ടുവെന്നും പറഞ്ഞ മന്ത്രി ചിലവ് കുറഞ്ഞ എ.സി ബസ് നിർമ്മിക്കുമെന്നും ദീർഘദൂര ബസുകള്‍ എല്ലാം എ.സി ആക്കുമെന്നും കൂട്ടിച്ചേർത്തു.
ലൈസൻസ്, ആർ.സി ബുക്ക് എന്നിവ കൊടുക്കുന്നില്ല എന്നത് സത്യമാണെന്നും എന്നാല്‍ പണത്തിന്‍റെ വിഷയം മാത്രമല്ല കാരണമെന്നും ദേശിയതലത്തില്‍ ചില കോക്കസുകള്‍ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇതിനു പരിഹാരം ഉണ്ടാവുമെന്നും മൂന്ന് ആഴ്ചക്കുളില്‍ മുഴുവൻ ആർ.സി ബുക്കും അടിച്ചുനല്‍കുമെന്നും ഉറപ്പ് നല്‍കി.