ബസിനുള്ളിൽ യുവാവിനെ മർദിച്ചു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Breaking Kerala

തിരുവനന്തപുരം: ബസിനുള്ളില്‍ വെച്ച് യുവാവിനെ മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തു. വെള്ളറട ഡിപ്പോയിലെ സുരേഷ് കുമാറിനെതിരെയാണ് നടപടി. സുരേഷിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര ചട്ടലംഘനമാണെന്നാണ് കെഎസ്ആര്‍ടിസിയുടെ കണ്ടെത്തല്‍. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ബാലരാമപുരം സിസിലിപുരം സ്വദേശിയായ ഋതിക് കൃഷ്ണനെയാണ് ബിഎംഎസ് നേതാവ് കൂടിയായ സുരേഷ് കുമാര്‍ മര്‍ദ്ദിച്ചത്. യുവാവിന്റെ പരാതിയില്‍ കാട്ടാക്കട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

തിരുവനന്തപുരത്ത് നിന്നും കാട്ടാക്കടയില്‍ എത്തിയ ബസില്‍ ഒരു സീറ്റിലായി ഋതിക്കും പെണ്‍ സുഹൃത്തും ഇരിക്കുകയായിരുന്നു. ബസില്‍ കയറിയ സമയം മുതല്‍ സുരേഷ് കുമാര്‍ തന്നെ നോക്കുന്നുണ്ടായിരുന്നുവെന്ന് യുവാവ് പറഞ്ഞു. ബസ് കാട്ടാക്കടയില്‍ എത്തിയതോടെ സുരേഷ് മോശമായി സംസാരിച്ചെന്നാണ് യുവാവിന്റെ പരാതി. “അനാവശ്യം പറയുന്നോ” എന്ന് ചോദിച്ചപ്പോൾ ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് സുരേഷ് കുമാര്‍ തലക്ക് അടിക്കുകയും ഷര്‍ട്ടില്‍ പിടിച്ച് തള്ളി താഴെയിട്ടു മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് യുവാവിന്റെ പരാതി. വെള്ളറട ഡിപ്പോയിലെ കണ്ടക്ടറായ സുരേഷ് കുമാറിനെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നതിനെ തുടർന്ന് ഇയാള്‍ക്കെതിരെ മുൻപും കെഎസ്ആര്‍ടിസി നടപടിയെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *