തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി വയോധികൻ മരിച്ചു. നെടുമങ്ങാട് പനയമുട്ടം സ്വദേശി മണികണ്ഠവിലാസത്തിൽ കൃഷ്ണന്‍ നായരാണ് (80) മരിച്ചത്. പനയമുട്ടത്ത് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം.
ക്ഷീരകര്‍ഷകനായിരുന്ന കൃഷ്ണന്‍ നായര്‍ പാലുമായി സൊസൈറ്റിയിലേക്ക് പോകുന്ന വഴിയായിരുന്നു ദാരുണ സംഭവം ഉണ്ടായത്. പനയമുട്ടം ജങ്ഷനില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ വാതിലില്‍ കൂടി അകത്തേക്ക് കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസില്‍ നിന്ന് കാല്‍വഴുതി കൃഷ്ണന്‍ നായര്‍ റോഡിലേക്ക് വീഴുകയായിരുന്നു. തുടർന്ന് വാഹനത്തിന്റെ പിന്‍ചക്രം കൃഷ്ണൻ നായരുടെ തലയിലൂടെ കയറിയിറങ്ങി തല്‍ക്ഷണം മരണം സംഭവിച്ചു.
ചേപ്പിലോട് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബസാണ് അപകടം ഉണ്ടാക്കിയത്. അപകടത്തെ തുടർന്ന് ബസിന്റെ ഡ്രൈവര്‍ ഇറങ്ങിയോടി. പോലീസും നാട്ടുകാരും ചേര്‍ന്നാണ് കൃഷ്ണന്‍ നായരുടെ ശരീരം ബസിനടിയില്‍ നിന്ന് പുറത്തെടുത്തത്.