കോട്ടയം: കെ ഫോണ്‍ ബെല്‍കണ്‍സോര്‍ഷ്യത്തിന് നല്‍കിയ പലിശ രഹിത മൊബിലൈസേഷന്‍ ഫണ്ട് വഴി സര്‍ക്കാരിന് നഷ്ടം 36 കോടി രൂപയെന്ന സിഎജി പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല രംഗത്ത്. കെ ഫോണ്‍ അഴിമതിയാണെന്നു താന്‍ പറഞ്ഞത് സത്യമായില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ശിവശങ്കറിന്റേയോ മുഖ്യമന്ത്രിയുടേയോ ശമ്ബളത്തില്‍ നിന്ന് 36 കോടി തിരിച്ചു പിടിക്കണം. എല്ലാത്തിന്റേയും പിന്നില്‍ മുഖ്യമന്ത്രിയാണ്. ഒരേ പറ്റേണില്‍ ഉള്ള അഴിമതികള്‍ ഐടിയുമായി ബന്ധപ്പെട്ട് വരുന്നു. ഇഷാന്‍ ഇന്‍ഫോടെക് മോദിയുമായി അടുത്ത ബന്ധമുള്ള കമ്ബനിയാണ്. മുഖ്യമന്ത്രിയും മോദിയുമായുള്ള ബന്ധം ഇതിലൂടെ വ്യക്തമാകുന്നു.ഇതില്‍ ദുരൂഹതയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച കെഫോണ്‍ പദ്ധതി നടത്തിപ്പിന് ബെല്‍ കണ്‍സോര്‍ഷ്യത്തെ ഏല്‍പ്പിച്ച കരാറിലാണ് സിഎജി നഷ്ടക്കണക്ക് ചൂണ്ടിക്കാട്ടുന്നത്. ടെണ്ടര്‍ ഉറപ്പിച്ചത് 1531 കോടിക്ക്. കരാര്‍ തുകയില്‍ സാധനങ്ങള്‍ വാങ്ങാനുള്ള ചെലവിന്റെ പത്ത് ശതമാനമാണ് മൊബിലൈസേഷന്‍ അഡ്വാന്‍സ്. ഒരു വ്യവസ്ഥയും പാലിക്കാതെ 109 കോടി രൂപ അഡ്വാന്‍സ് നല്‍കിയെന്നും അത് വഴി 36 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയതിലും ആണ് സിഎജി സര്‍ക്കാരിനോട് വ്യക്തത തേടിയിട്ടുള്ളത്. 2013 ലെ സ്റ്റോര്‍ പര്‍ചേസ് മാന്വലനുസരിച്ച് മൊബിലൈസേഷന്‍ അഡ്വാന്‍സ് പലിശ കൂടി ഉള്‍പ്പെട്ടതാണ്.