കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് ബസ് കാത്തിരിപ്പ് കേന്ദ്രമില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.കമ്മിഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് 15 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് നോട്ടീസയച്ചു.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് നഗരത്തില്‍ നിന്നും മറ്റും മെഡിക്കല്‍ കോളേജ് വഴി മാവൂര്‍ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ നിര്‍ത്തിയിരുന്ന ഭാഗത്തെ ബസ് സ്‌റ്റോപ്പാണ് പൊളിച്ചു കളഞ്ഞത്. റോഡ് വികസനത്തിനും മറ്റുമായി പുതിയ ബസ് സ്റ്റാന്റ് വരുമെന്ന് പറഞ്ഞാണ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചത്. ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികളും വിദ്യാര്‍ത്ഥികളുമടക്കം നൂറു കണക്കിന് ആളുകളാണ് പൊരിവെയിലത്ത് നില്‍ക്കേണ്ടി വരുന്നത്.
നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. രോഗകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ അനുദിനം വന്നുപൊകുന്ന ഇത്തരത്തിലുള്ള ഒരു സ്ഥലത്ത് ഇത്രയും കാലം ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാത്ത അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്. ഈ മാസം 20 ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗിലാണ് കേസ് പരിഗണിക്കുക.