കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ആന്റി നര്‍ക്കോട്ടിക് ടീമിന്റെ നേതൃത്വത്തില്‍ വൻ ലഹരി വേട്ട. നഗരം കേന്ദ്രീകരിച്ച് വില്‍പന നടത്തുന്നതിനായി ബെംഗളൂരുവില്‍നിന്ന് കാറില്‍ രഹസ്യ അറകളിലായി കടത്തിക്കൊണ്ടുവന്ന 51.9 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ് (39), മുഹമ്മദ് ഫൈസല്‍(36) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പുതുവത്സരാഘോഷത്തിന്റെ മറവില്‍ വൻതോതിലുള്ള ലഹരി വില്‍പന ലക്ഷ്യമിട്ടാണ് പ്രതികള്‍ കഞ്ചാവ് കടത്തിയത്. നഗരത്തിലെ ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യാനായിരുന്നു പദ്ധതി. കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡില്‍ എസ്‌ബിഐ ബാങ്കിന് സമീപമുള്ള പേപാര്‍ക്കിങ് ഏരിയയില്‍ വച്ചാണ് പ്രതികളെയും കാറില്‍ രഹസ്യ അറകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവും പിടികൂടിയത്.
കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അനുജ് പൈവാളിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി സ്വീകരിച്ചത്. നടക്കാവ് പൊലീസും ആന്റി നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള ആന്റി നാര്‍ക്കോട്ടിക് ഷാഡോ ടീം അംഗങ്ങളും ചേര്‍ന്നാണ് കാറില്‍ പരിശോധന നടത്തിയത്.