കോഴിക്കോട് ഭീതി പരത്തി ചെന്നായക്കൂട്ടം : പശുക്കളെ കൊന്നു തിന്നു

Breaking Kerala

കോഴിക്കോട്: മേയാൻ വിട്ട പശുക്കളെ കൊന്നു തിന്ന് ചെന്നായക്കൂട്ടം. കഴിഞ്ഞ ദിവസം പുഴയുടെ തീരത്ത് മേയാന്‍ വിട്ട പ്ലാന്റേഷന്‍ കോര്‍പറേഷനു കീഴിലുള്ള ടാപ്പിംഗ് തൊഴിലാളിയുടെ മൂന്ന് പശുക്കളെയാണ് ചെന്നായക്കൂട്ടം കൊന്നു തിന്നത്.മഞ്ഞുണ്ണീമ്മല്‍ രാജീവന്റെ പശുക്കളാണ് ആക്രമിക്കപ്പെട്ടത്. ഇതില്‍ ഒരു പശുവിന്റെ അസ്ഥികൂടം മാത്രമാണ് ചെന്നായ്ക്കളുടെ ആക്രമണത്തില്‍ ബാക്കിയായത്. ഇതോടെ ചെന്നായകളുടെ ആക്രമണം മൂലം ദുരിതത്തിലായിരിക്കുകയാണ് കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ജനങ്ങള്‍.

പ്ലാന്റേഷന്‍ കോര്‍പറേഷന് കീഴിലുള്ള റബ്ബര്‍ എസ്റ്റേറ്റിലെ തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. പശുക്കളെ സ്ഥിരമായി മേയാന്‍ വിടുകയാണ് കര്‍ഷകര്‍ ചെയ്തിരുന്നത്. ടാപ്പിംഗിനായി പുലര്‍ച്ചെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് ചെന്നായക്കൂട്ടം പശുക്കളെ ആക്രമിക്കുന്നത് കണ്ടത്. ഇതിനകം തന്നെ ഒരു പശുവിനെ പൂര്‍ണമായും കൊന്നു തിന്നിരുന്നു.

രണ്ട് പശുക്കളെ തിന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഈ സമയത്ത് സംഘം കൂട്ടമായി തിരികെയെത്തിയതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടര്‍ന്ന് ഇവയെ കാട്ടിനുള്ളിലേക്ക് തന്നെ തുരത്തുകയായിരുന്നു.

ഒരു പശു കറവയുളളതായിരുന്നുവെന്നും ഒന്നര ലക്ഷയോളം രൂപയുടെ നഷ്ടമുണ്ടായതായും പശുവിന്റെ ഉടമ രാജീവന്‍ പറഞ്ഞു. കര്‍ഷകന് നഷ്ടപരിഹാരം നല്‍കാന്‍ വനംവകുപ്പ് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ചക്കിട്ടപ്പാറ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ബിന്ദു വത്സന്‍, വെറ്ററിനറി ഡോക്ടര്‍ ജിത്തുരാജ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *