അദ്ധ്യാപക ദിനാചരണവും ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അദ്ധ്യാപകരെയും പരിശീലകരെയും ആദരിക്കലും സംഘടിപ്പിച്ചു

Local News

കോട്ടയം: സെപ്റ്റംബര്‍ 5 അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അദ്ധ്യാപക ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അദ്ധ്യാപകരെയും പരിശീലകരെയും ആദരിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. പൊതുസമ്മേളനത്തോടനുബന്ധിച്ച് അദ്ധ്യാപികയും പ്രഭാഷകയുമായ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണിയേയും, കെ.എസ്.എസ്.എസ് സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി പരിശീലകരെയും സ്‌പെഷ്യല്‍ സ്‌കൂള്‍ അദ്ധ്യാപകരെയും ആദരിച്ചു. കൂടാതെ ഭിന്നശേഷിക്കാര്‍ക്കായുള്ള ശ്രവണ സഹായ ഉപകരണ വിതരണവും നടത്തപ്പെട്ടു. ദിനാചരണത്തോടനുബന്ധിച്ച് നടത്തപ്പെട്ട സെമിനാറിന് ഡോ. റോസമ്മ സോണി നേതൃത്വം നല്‍കി. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസ് നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് ദിനാചരണം സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *