കെഎസ്എസ്എസ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

Kerala

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 59-ാമത് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സ്ഥാപക ദിനാചരണ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പി നിര്‍വ്വഹിച്ചു. എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കിയുള്ള കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും സമൂഹത്തിന്റെ സമസ്ത മേഖലകളേയും സ്പര്‍ശിച്ചുകൊണ്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് മാര്‍ഗ്ഗ ദീപമായി മാറിയെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാശ്രയസംഘങ്ങളിലൂടെ സാമൂഹ്യ സേവനത്തിന്റെയും സാമൂഹ്യ മുന്നേറ്റത്തിന്റെയും സമഗ്ര വികസന കാഴ്ച്ചപ്പാടുകള്‍ പങ്കുവയ്ക്കുവാന്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കിയെന്നും ജാതി മത വര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളുടെയും സമഗ്ര വളര്‍ച്ചയ്ക്ക് ഉതകുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കെ.എസ്.എസ്.എസ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റമാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്ഥാപക ദിനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് ആസ്ഥാനമായ തെള്ളകം ചൈതന്യയില്‍ നടത്തപ്പെട്ട പതാക ഉയര്‍ത്തല്‍ കര്‍മ്മം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കെ.എസ്.എസ്.എസ് ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകരുടെയും ഫെഡറേഷന്‍ ഭാരവാഹികളുടെയും സംഗമവും നടത്തപ്പെട്ടു. 1964 സെപ്റ്റംബര്‍ 14 നാണ് സൊസൈറ്റിസ് രജിസ്‌ട്രേഷന്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത്് കെ.എസ്.എസ്.എസ് പ്രവര്‍ത്തനം ആരംഭിച്ചത്. അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവിന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള ചുവടുവയ്പ്പിലൂടെയായിരുന്നു കെ.എസ്.എസ്.എസ് സ്ഥാപിതമായത്. ഇന്ന് മദ്ധ്യ കേരളത്തിലെ 5 ജില്ലാകളായ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലായി സ്വാശ്രയ സംഘങ്ങളിലൂടെ കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ സമഗ്രവികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *