കോട്ടയം: സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാന്‍ ഉപവരുമാന പദ്ധതികള്‍ വഴിയൊരുക്കുമെന്ന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷയ്ക്കും ഉപവരുമാന സാധ്യതകള്‍ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ഹൈടെക് കോഴി വളര്‍ത്തല്‍ പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിരുചിക്കനുസരിച്ചുള്ള വരുമാന സംരംഭകത്വ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നതിലൂടെ സംതൃപ്തിയും അതോടൊപ്പം ചെറിയ വരുമാനവും കണ്ടെത്തുവാന്‍ കഴിയുമെന്നും വ്യക്തിഗതമായും കുടുംബ പങ്കാളിത്തത്തോടെയും ചെയ്യുവാന്‍ സാധിക്കുന്ന പദ്ധതികള്‍ ഏറെ ഉപകാരപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിക്കാഗോ സെക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോനാ ചര്‍ച്ച് വികാരി റവ. ഫാ. അബ്രഹാം മുത്തോലത്ത് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് ആലീസ് ജോസഫ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട നാല്‍പ്പത്തിനാല് കുടുംബങ്ങള്‍ക്ക് മേല്‍ക്കൂരയോടുകൂടി ശാസ്ത്രീയമായി നിര്‍മ്മിച്ച ഹൈടെക് കോഴിക്കൂടും ബിവി 380 ഇനത്തില്‍പ്പെട്ട മുട്ട കോഴികളെയും കോഴിത്തീറ്റയും മരുന്നുകളുമാണ് ലഭ്യമാക്കിയത്.