കോട്ടയം: കാലാവസ്ഥ വ്യതിയാനത്തിന് അനുസരിച്ചുള്ള പുനക്രമീകരണം കാര്‍ഷിക കലണ്ടറിലും കാര്‍ഷിക മേഖലയിലും വരുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ചിങ്ങം ഒന്ന് കര്‍ഷകദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ക്ക് മുന്പോട്ട് പോകുവാനുള്ള എല്ലാവിധ പ്രോത്സാഹനവും പിന്തുണയും നല്കിയാല് മാത്രമേ കാര്‍ഷിക മേഖലയെ താങ്ങിനിര്‍ത്തുവാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത സഹായ മെത്രാന് ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകര്‍ നാടിന്റെ നട്ടല്ലാണെന്ന തിരിച്ചറിവില്‍ അവരുടെ സേവനങ്ങളെ അംഗീകരിക്കുവാനും ആദരിക്കുവാനും സമൂഹം തയ്യാറാകണമെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബബിത ടി. ജെസ്സില്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നടത്തപ്പെട്ട കാര്‍ഷിക സെമിനാറിന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജ് മുന്‍ പ്രിന്‍സിപ്പലും പരിശീലകയുമായ ഡോ. ആന്‍സി ജോസഫ് നേതൃത്വം നല്കി. കൂടാതെ കര്‍ഷകര്‍ക്കായി ഫലവൃക്ഷതൈകളുടെ വിതരണവും നടത്തപ്പെട്ടു. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക കൂട്ടായ്മകളില്‍ നിന്നുള്ള പ്രതിനിധികള്‍ ദിനാചരണത്തില്‍ പങ്കെടുത്തു.