കോട്ടയം ലോക്സഭാ മണ്ഡ‍ലത്തില്‍ സിറ്റിംഗ് എം പി തോമസ് ചാഴികാടൻ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും

Breaking Kerala

കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡ‍ലത്തില്‍ സിറ്റിംഗ് എം പി തോമസ് ചാഴികാടൻ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും.കോട്ടയത്ത് ചേർന്ന കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തില്‍ ഒരു പ്രധാന മുന്നണി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്.

കേരളത്തിലെ എംപിമാരില്‍ ഒന്നാമനായി നിരവധി വികസന പ്രവർത്തനങ്ങള്‍ക്ക് ചുക്കാൻ പിടിച്ച ചാഴികാടൻ കോട്ടയത്ത് വിജയിക്കുമെന്നതില്‍ ഒരു സംശയവും ഇല്ലെന്നും ഇക്കാര്യത്തില്‍ നൂറു ശതമാനം വിജയ പ്രതീക്ഷയാണ് പാർട്ടിക്ക് ഉള്ളതെന്നും ജോസ് കെ മാണി പറ‍ഞ്ഞു. അപ്പുറത്ത് ആര് മത്സരിക്കുന്നു എന്നത് ഞങ്ങള്‍ക്ക് പ്രശ്നമല്ലെന്നും ജോസ് കെ മാണി പറഞ്ഞു.

2019-ലാണ് ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിച്ചത്. യുഡിഎഫിന്റെ ഭാഗമായി മത്സരിച്ചാണ് തോമസ് ചാഴികാടന്‍ ജയിച്ചത്. അന്ന് ഇടത് സ്ഥാനാര്‍ഥിയായിരുന്ന വി.എന്‍.വാസവനെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥിയായി മത്സരിച്ച തോമസ് ചാഴികാടന്‍ തോല്‍പിച്ചത്‌.

1991 മുതല്‍ 2011 വരെ നാലു തവണ ഏറ്റുമാനൂരില്‍ നിന്ന് എംഎല്‍എ ആയിട്ടുണ്ട് തോമസ് ചാഴികാടന്‍. തുടര്‍ച്ചയായ നാല് വിജയങ്ങള്‍ക്ക് ശേഷം 2011-ല്‍ സിപിഎമ്മിലെ സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. 2016-ലെ തിരഞ്ഞെടുപ്പിലും കുറുപ്പിനോട് വീണ്ടും തോല്‍വി ഏറ്റുവാങ്ങിയ അദ്ദേഹം പിന്നീട് 2019-ല്‍ ലോക്‌സഭയിലേക്ക് മത്സരിച്ചു.

1991-ലെ തിരഞ്ഞെടുപ്പിലൂടെ അപ്രതീക്ഷിതമായിട്ടാണ് തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സഹോദരന്‍ ബാബു ചാഴികാടന്‍ ഇടിമിന്നലേറ്റ് മരിച്ചതിനെത്തുടര്‍ന്നാണ് തോമസ് ചാഴികാടന്‍ രാഷ്ട്രീയരംഗത്തേക്കെത്തിയത്‌.

Leave a Reply

Your email address will not be published. Required fields are marked *