വീട് കേന്ദ്രീകരിച്ച് വൻ ചാരായ വില്പന; പദ്ധതി പൊളിച്ച് എക്സൈസ്

Local News

കോട്ടയം: പയ്യപ്പാടി വെണ്ണിമല കേന്ദ്രീകരിച്ച് സ്വന്തം വീടിന്റെ അടുക്കളയിൽ വച്ച് വൻ തോതിൽ ചാരായം വാറ്റി വില്പന നടത്തിയിരുന്ന മൂല കുന്നേൽ ജോർജ് റപ്പേൽ (42) നെ രണ്ട് ലിറ്റർ ചാരായവും 300 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബും സംഘവും അറസ്റ്റ് ചെയ്തു. ഇയാൾ സഞ്ചരിച്ച എൻഫീൽഡ് ബൈക്കും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ രണ്ട് വർഷമായി സ്വന്തം വീടിന്റെ അടുക്കളയിൽ പത്ത് ലിറ്ററിന്റെ കുക്കറുകളിൽ വാറ്റുപകരണം ഘടിപ്പിച്ച് വൻ ചാരായം വാറ്റ് നടത്തുകയായിരുന്നു ഇയാൾ.

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഉദ്യോഗസ്ഥർ ഇയാളെ കഴിഞ്ഞ കുറെ ദിവസങ്ങളിലായി നിരീക്ഷണം നടത്തിവരുകയായിരുന്നു. ഈ കഴിഞ്ഞ രണ്ട് ദിവസം ഡ്രൈ ഡേ ആയതിനാൽ വൻ വില്പന പ്രതീക്ഷിച്ച് ശർക്കരയും, പഞ്ചസാരയും , മറ്റ് സുഗന്ധ ദ്രവ്യങ്ങളും ഇയാൾ ശേഖരിക്കുന്നതായി എക്സൈസിനു വിവരം ലഭിച്ചിരുന്നു. ഓട്ടോ റിക്ഷക്കാരന്റെ വേഷത്തിൽ എത്തിയ എക്സൈസ് സംഘത്തിന് ബൈക്കിലെത്തി ചാരായം കൊടുക്കുകയും പിടിയിലാവുകയുമായിരുന്നു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ അടുക്കളയിൽ നിന്നും ചാരായവും , ചാരായം വാറ്റുന്നതിനുള്ള കോടയും പ്രഷർ കുക്കറിനോട് ചേർന്ന് വാറ്റുപകരണങ്ങൾ ഘടിപ്പിച്ചിരിക്കുന്നതും കണ്ടെടുത്തു.

ലിറ്ററിന് 800 രൂപ നിരക്കിലായിരുന്നു ഇയാൾ ചാരായം വിറ്റിരുന്നത്. ചാരായം വാറ്റു ബോൾ ഉള്ള ഗന്ധം അയൽക്കാർ അറിയാതിരിക്കുവാൻ സാബ്രാണി പുകയ്ക്കുക പതിവായിരുന്നു. ഇതിനാൽ സമീപ വാസികൾക്ക് യാതൊരു സംശയവും ഇല്ലായിരുന്നു. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്ന് എക്സൈസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

റെയ്ഡിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബ് പ്രിവന്റീവ് ഓഫീസർമാരായ K.R ബിനോദ്, അനു . വി ഗോപിനാഥ് , K. N വിനോദ്, അനിൽകുമാർ G, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാം ശശിധരൻ , പ്രദീപ് M G, പ്രശോഭ് KV, രജിത്ത് കൃഷ്ണ വനിത സിവിൽ എക്സൈസ് ഓഫീസർ വിജയ രശ്മി Vഎന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *