കോട്ടയം: കുറുപ്പന്തറയില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ജില്ല സംഘമൈത്രി ലേലകേന്ദ്രം കാര്‍ഷിക പുരോഗതിയ്ക്ക് ഉപകരിക്കുന്ന വിധത്തില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു. കോട്ടയം ജില്ലാ കാര്‍ഷിക ലേലകേന്ദ്രത്തിന്റെ സമഗ്ര നവീകരണവുമായി ബന്ധപ്പെട്ട് കുറുപ്പന്തറ സംഘമൈത്രിയില്‍ നടപ്പാക്കാന്‍ കഴിയുന്ന വിവിധങ്ങളായ പദ്ധതികള്‍ പരിശോധിക്കുന്നതിനായി കൃഷിവകുപ്പിന്റെ ഉന്നതതലസംഘം ഒക്‌ടോബര്‍ 15-ാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ന് കുറുപ്പന്തറ ലേലകേന്ദ്രം സന്ദര്‍ശിക്കുമെന്ന് എം.എല്‍.എ. വ്യക്തമാക്കി.
സംസ്ഥാന കാര്‍ഷിക വിലനിര്‍ണ്ണയ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. പി. രാജശേഖരന്റെ നേതൃത്വത്തിലാണ് കാര്‍ഷിക വികസന സാധ്യതകള്‍ പരിശോധിക്കുന്നത്. കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പ്രീതാ പോള്‍ വികസന മാര്‍ഗ്ഗരേഖ അവതരിപ്പിക്കും. തുടര്‍ന്ന് ചേരുന്ന കര്‍ഷക പ്രതിനിധി യോഗത്തില്‍ സംഘത്തിന്റെ ആക്ടിംഗ് ചെയര്‍മാന്‍ ജോയി കുഴിവേലി അദ്ധ്യക്ഷത വഹിക്കും. വിവിധ ജനപ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ല ലേലകേന്ദ്രത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന കര്‍ഷക പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചു.