ഭരണങ്ങാനം: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം ഡിവിഷനിലെ തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ സംരംഭങ്ങൾക്ക് സഹായധനം വിതരണം ചെയ്തു. ഭരണങ്ങാനം, കടനാട്, കരൂർ, മീനച്ചിൽ എന്നീ നാല് പഞ്ചായത്തുകളിലായി ഒന്നാം ഘട്ടത്തിൽ നാല് ലക്ഷം രൂപയും രണ്ടാംഘട്ടത്തിൽ ആറ് ലക്ഷം രൂപയുമാണ് നൽകുന്നത്.
പലഹാര നിർമ്മാണം, ടൈലറിംഗ് യൂണിറ്റ്, ജനകീയ ഹോട്ടൽ, അച്ചാർ, കറിപ്പൊടി നിർമ്മാണം, തേനീച്ച വളർത്തൽ, പച്ചക്കറി-പലചരക്ക് കടകൾ, ലൈറ്റ് ആൻഡ് സൗണ്ട്, കെട്ടിട നിർമ്മാണ സാമഗ്രികൾ വാടകയ്ക്ക് നൽകൽ എന്നിങ്ങനെ ഇരുപത്തിയഞ്ച് സംരംഭങ്ങൾക്കാണ് ഫണ്ട് നൽകിയത്. ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന സഹായധന വിതരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു.