കോതമംഗലം : 1953 ഒക്‌ടോബര്‍ 21-ാം തീയതി നിലവില്‍ വന്ന മാര്‍ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷന്റെ ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന സപ്തതി ആഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 29 മുതല്‍ ഡിസംബര്‍ 2 വരെ സംഘടിപ്പിച്ചിരിക്കുന്ന ഇന്റര്‍ സ്‌കൂള്‍ കള്‍ച്ചറല്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ പത്മശ്രീ റസൂല്‍ പൂക്കുട്ടി നവംബര്‍ 29-ാം തീയതി ബുധനാഴ്ച രാവിലെ 10.30 മണിക്ക് കോതമംഗലം മാര്‍ അത്തനേഷ്യസ് ക്യാമ്പസ്സിലെ ബസേലിയോസ് പൗലോസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നിര്‍വ്വഹിക്കുന്നു. മാര്‍ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോളേജ് അസോസ്സിയേഷന്‍ ചെയര്‍മാന്‍ അഭി. മാത്യൂസ് മാര്‍ അപ്രേം തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങില്‍ മാര്‍ അത്തനേഷ്യസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും സിനിമാ സംവിധായകനുമായ കെ.എം. കമല്‍ ആമുഖ പ്രഭാഷണം നടത്തും. മാര്‍ അത്തനേഷ്യസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനിത ജോര്‍ജ്ജ്, മരിയ സിജു എന്നിവര്‍ സംസാരിക്കും.
മാര്‍ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷനു കീഴില്‍ മാര്‍ അത്തനേഷ്യസ് കോളേജ് (ഓട്ടോണമസ്), മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് (ഓട്ടോണമസ്), മാര്‍ അത്തനേഷ്യസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, മാര്‍ ബസേലിയോസ് കോളേജ്, അടിമാലി എന്നീ സ്ഥാപനങ്ങളാണ് നിലവിലുള്ളത്.
1955 ജൂലൈ 14ന് ആരംഭിച്ച മാര്‍ അത്തനേഷ്യസ് കോളേജ് എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്‌ലി സെലാസിയാണ് ഉദ്ഘാടനം ചെയ്തത്. 127 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച മാര്‍ അത്തനേഷ്യസ് കോളേജില്‍ ഇപ്പോള്‍ 15 ബിരുദ കോഴ്‌സുകളും 17 ബിരുദാനന്തരബിരുദ കോഴ്‌സുകളും കൂടാതെ വിവിധ വിഷയങ്ങളില്‍ ഗവേഷണ സൗകര്യവുമുണ്ട്. കോളേജില്‍ ഇപ്പോള്‍ രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 2023 NIRF റാങ്കിങ്ങില്‍ 87-ാം സ്ഥാനമുള്ള മാര്‍ അത്തനേഷ്യസ് കോളേജ് കേന്ദ്രസര്‍ക്കാരിന്റെ 5 കോടി രൂപ RUSA പദ്ധതിയില്‍ ധനസഹായം ലഭിച്ച ഇന്ത്യയിലെ 17 കോളേജുകളില്‍ ഒന്നാണ്. NAAC (3rd Cycle) അക്രഡിറ്റേഷനില്‍ A+ Grade ലഭിച്ച മാര്‍ അത്തനേഷ്യസ് കോളേജ് സ്‌പോര്‍ട്‌സ് രംഗത്ത് ‘ഖേലോ ഇന്ത്യ’യുടെയും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും അംഗീകൃത ട്രെയിനിംഗ് സെന്ററാണ്. കോളേജിന്റെ വിവിധ മേഖലകളിലെ മികവ് കണക്കിലെടുത്ത് യു.ജി.സി.യും കേരളാ ഗവണ്‍മെന്റും ഓട്ടോണമസ് പദവി നല്‍കിയിട്ടുണ്ട്. ഒളിംപിക്‌സ് താരങ്ങളെയടക്കം നിരവധി അന്താരാഷ്ട്ര പ്രതിഭകളെ സംഭാവന ചെയ്തിട്ടുള്ള മാര്‍ അത്തനേഷ്യസ് കോളേജ് ഇന്ത്യയിലെ തന്നെ സ്‌പോര്‍ട്‌സ് രംഗത്ത് ഏറ്റവും മുന്‍പന്തിയിലുള്ള കോളേജുകളില്‍ ഒന്നാണ്.
ക്രിസ്ത്യന്‍ മാനേജുമെന്റിനു കീഴില്‍ ആരംഭിച്ച ഏഷ്യയിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജ് ആയ മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന് 1961 ല്‍ ആണ് തുടക്കം കുറിച്ചത്. 7 ബിരുദ കോഴ്‌സുകളും 8 ബിരുദാനന്തരബിരുദ കോഴ്‌സുകളും 6 ബ്രാഞ്ചുകളില്‍ ഗവേഷണ സൗകര്യവുമുള്ള മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജില്‍ ഇപ്പോള്‍ രണ്ടായിരത്തി എണ്ണൂറില്‍ അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
കേരളത്തില്‍ NAAC Accreditation-ല്‍ A+ ലഭിച്ച ആദ്യ എഞ്ചിനീയറിംഗ് കോളേജ് ആയ മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ ‘Excellence Award 2023’ ലഭിച്ചിട്ടുണ്ട്. ഈ അവാര്‍ഡ് ലഭിച്ച കേരളത്തിലെ ഒരേ ഒരു എഞ്ചിനീയറിംഗ് കോളേജ് മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജാണ്. കോളേജിന്റെ പ്രവര്‍ത്തന മികവ് കണക്കിലെടുത്ത് University Grants Commission (UGC) കോളേജിന് 2023 ജൂലൈ മുതല്‍ Autonomous പദവി നല്‍കി. എഞ്ചിനീയറിംഗ് മേഖലയിലേക്കും ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിലേക്കും ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്തിട്ടുള്ള മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ 55 പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സമീപകാലത്ത് ഇന്ത്യയുടെ അഭിമാനമായി മാറിയ ചന്ദ്രയാന്‍ ദൗത്യത്തിലും പങ്കാളികളായിരുന്നു. വിക്രം സാരാഭായി സ്‌പെയ്‌സ് സെന്റര്‍ ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ എം.എ എഞ്ചിനീയറിംഗ് കോളേജിന്റെ സംഭാവനയാണ്.
1965ല്‍ ആരംഭംകുറിച്ച് മാര്‍ അത്തനേഷ്യസ് കോളേജ് ഹൈസ്‌കൂള്‍ 2008ല്‍ ആണ് മാര്‍ അത്തനേഷ്യസ് ഇന്റര്‍നാഷണല്‍ സ്‌കൂളായി മാറിയത്. IGCSE, ICSE എന്നീ സിലബസുകളിലായി എഴുന്നൂറോളം കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നുണ്ട്. ദേശീയ തലത്തില്‍ നിരവധി റാങ്കുകള്‍ കരസ്ഥമാക്കുകയും കലാ-കായിക രംഗത്ത് ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്യുകയും ചെയ്യുന്ന സ്‌കൂള്‍ എല്ലാവര്‍ഷവും നൂറ് ശതമാനം വിജയം കരസ്ഥമാക്കിവരുന്നു.2003ല്‍ അടിമാലിയില്‍ ആരംഭം കുറിച്ച മാര്‍ ബസേലിയോസ് കോളേജില്‍ 8 ബിരുദ കോഴ്‌സുകളിലും 1 ബിരുദാനന്തരബിരുദ കോഴ്‌സിലുമായി എണ്ണൂറോളം കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യമുണ്ട്.
സപ്തതി ആഘോഷങ്ങളുടെ ഭാഗമായി 2023 ഡിസംബര്‍ 26 മുതല്‍ 31 വരെ സംസ്ഥാനത്തെ മുന്‍നിര പ്രൊഫഷണല്‍ കലാകാരന്മാര്‍ ഒരുക്കുന്ന കലാവിരുന്നും സംഘടിപ്പിച്ചിട്ടുണ്ടെന്ന് കോളേജ് അസോസിയേഷൻ സെക്രട്ടറി
ഡോ. വിന്നി വറുഗീസ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെ. പി. ബാബു, എം. എ. കോളേജ് പ്രിൻസിപ്പൽ ഡോ.മഞ്ജു കുര്യൻ, എം. എ. എഞ്ചി. കോളേജ് പ്രിൻസിപ്പൽ ഡോ.ബോസ് മാത്യു ജോസ്, അടിമാലി മാർ ബസേലിയോസ് കോളേജ് പ്രിൻസിപ്പൽ ഡോ. ബെന്നി അലക്സാണ്ടർ, എം.എ. ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ അനിത ജോർജ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ പ്രൊഫ. സണ്ണി കെ ജോർജ് എന്നിവർ പങ്കെടുത്തു