വിസ്മയ കാഴ്ചകള്‍ ഒരുക്കി ചൈതന്യ കാര്‍ഷിക മേള – ജനത്തിരക്ക് ഏറുന്നു

Kerala Local News

കോട്ടയം: വിസ്മയ കാഴ്ചകള്‍ ഒരുക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷികമേളയില്‍ ജനത്തിരക്ക് ഏറുന്നു. കാര്‍ഷിക വിളപ്രദര്‍ശനം, വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ കാര്‍ഷിക മത്സരങ്ങള്‍, നാടന്‍ ചൈനീസ് അറബിക് തലശ്ശേരി വിഭവങ്ങളുമായുള്ള ചൈതന്യ ഫുഡ് ഫെസ്റ്റ്, വിസ്മയവും കൗതുകവും നിറയ്ക്കുന്ന പെറ്റ് ഷോ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉല്ലാസപ്രദമായ അമ്യൂസ്‌മെന്റ് പാര്‍ക്ക്, ലാല്‍ കാബ്രി, മോര്‍ബി ഇനത്തില്‍പ്പെട്ട ഗീര്‍ പശുക്കളുടെ പ്രദര്‍ശനം, മുറപോത്ത് രാജാക്കന്മാരിലെ ഇളമുറത്തമ്പുരാനായ നീണ്ടൂര്‍ യുവരാജിന്റെ പ്രദര്‍ശനം, ജമുന പ്യാരി ഹെന്‍സ, ഹൈദ്രബാദി ബീറ്റല്‍, പഞ്ചാബി ബീറ്റല്‍, കോട്ട ഇനത്തില്‍പ്പെട്ട ആടുകളുടെ പ്രദര്‍ശനം
കൗതുകം നിറയ്ക്കുന്ന പട്ടികളുടെയും പൂച്ചകളുടെയും പ്രദര്‍ശനം, വിജ്ഞാനദായക സെമിനാറുകള്‍, നയന മനോഹരമായ കലാസന്ധ്യകള്‍, വെഹിക്കിള്‍ എക്‌സ്‌പോ തുടങ്ങിയവ കാണുന്നതിനായി ആയിരക്കണക്കിന് ആളുകളാണ് മേളാങ്കണത്തില്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നത്.
കാര്‍ഷികമേളയുടെ രണ്ടാം ദിനത്തില്‍ നടത്തപ്പെട്ട ഭക്ഷ്യസുരക്ഷദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. വിഷരഹിത കൃഷി സമ്പ്രദായം പിന്തുടരേണ്ടത് മാനവരാശിയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോതമംഗലം രൂപതാമെത്രാന്‍ മാര്‍ ജോര്‍ജ്ജ് മഠത്തികണ്ടത്തില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യപരമായ ജീവിതശൈലി പിന്തുടരുവാന്‍ ഓരോരുത്തരും പരിശ്രമിക്കുന്നതോടൊപ്പം മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും കഴിയണമെന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സമ്മേളനത്തോടൊനുബന്ധിച്ച് കെ.എസ്.എസ്.എസ് ഏര്‍പ്പെടുത്തിയ അമ്മായിക്കുന്നേല്‍ സൈമണ്‍ മെമ്മോറിയല്‍ സംസ്ഥാനതല ക്ഷീരകര്‍ഷക പുരസ്‌ക്കാരം കോട്ടയം ജില്ലയിലെ കുര്യനാട് സ്വദേശിനി രശ്മി ഇടത്തിനാലിന് മാര്‍ ജോര്‍ജ്ജ് മഠത്തികണ്ടത്തില്‍ സമ്മാനിച്ചു. തിരുവനന്തപുരം എന്‍വയണ്‍മെന്റ് സയന്‍സ് & ടെക്‌നോളജി റിസേര്‍ച്ച് പാര്‍ക്ക് ചെയര്‍മാനും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലറുമായ പ്രൊഫ. ഡോ. സാബു തോമസ്, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഹരികൃഷ്ണന്‍ കെ., ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോണീസ് പി. സ്റ്റീഫന്‍, കെ.എസ്.എസ്.എസ് വനിതാ സ്വാശ്രയസംഘ കേന്ദ്രതല ഭാരവാഹി പ്രമുദ നന്ദകുമാര്‍, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. കാര്‍ഷിക മഹോത്സവത്തിന്റെ രണ്ടാം ദിവസം ഭക്ഷ്യസുരക്ഷാ ദിനം എന്ന പേരിലാണ് സംഘടിപ്പിച്ചത്. ഇടയ്ക്കാട് മേഖലയുടെ കലാപരിപാടികളും തുടര്‍ന്ന് ‘ഏലപ്പുല ഏലോ’ നാടന്‍പാട്ട് മത്സരവും നെയില്‍ ഹാമര്‍ റണ്‍ മത്സരവും നടത്തപ്പെട്ടു. വൈകുന്നേരം ‘മഴവില്ല്’ സിനിമാറ്റിക് ഡാന്‍സ് മത്സരവും വനിതാ വടംവലി മത്സരവും കോഴിക്കോട് സൃഷ്ടി കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിച്ച നാടകവും നടത്തപ്പെട്ടു.
മേളയുടെ മൂന്നാം ദിനം കാര്‍ഷിക പരിസ്ഥിതി സൗഹാര്‍ദ്ദ ദിനമായിട്ടാണ് ആചരിക്കുന്നത്. 12 ന് കിടങ്ങൂര്‍ മേഖലാ കലാപരിപാടികളും തുടര്‍ന്ന് 12.30 ന് കാലാവസ്ഥ വ്യതിയാനവും കാര്‍ഷിക മേഖലയും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന സെമിനാറിന് കാരിത്താസ് ഇന്‍ഡ്യ ലീഡ്: ക്ലൈമറ്റ് ഡെസ്‌ക്ക് ഡോ. വി.ആര്‍. ഹരിദാസ് നേതൃത്വം നല്‍കും. 1 മണിയ്ക്ക് ദമ്പതികള്‍ക്കായുള്ള വാട്ട് കപ്പ അരിച്ചില്‍ മത്സരവും നടത്തപ്പെടും. 2.30 ന് നടത്തപ്പെടുന്ന കാര്‍ഷിക പരിസ്ഥിതി സൗഹാര്‍ദ്ദ ദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വ്വഹിക്കും. കാഞ്ഞിരപ്പള്ളി രൂപതാമെത്രാനും കെ.സി.ബി.സി ജെ.പി.ഡി കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ജോസ് പുളിക്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. അനുഗ്രഹ പ്രഭാഷണവും മുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാര സമര്‍പ്പണവും കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിക്കും. അനൂപ് ജേക്കബ് എം.എല്‍.എ, കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് ഐ.പി.എസ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കല്‍, കോട്ടയം അതിരൂപത പ്രൊക്കുറേറ്റര്‍ റവ. ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ കരുണ എസ്.വി.എം, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ്സ് ജനറല്‍ റവ. സിസ്റ്റര്‍ ലിസി ജോണ്‍ മുടക്കോടില്‍, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ റവ. ഫാ. സിബിന്‍ കൂട്ടക്കല്ലുങ്കല്‍, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ റ്റി.സി. റോയി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോജോ ജോര്‍ജ്ജ്, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. 4.15ന് ‘നാട്യലയ’ ഭരതനാട്യ മത്സരവും 5.15 ന് സോഷ്യല്‍ വര്‍ക്ക് കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫ്‌ളാഷ് മോബ് മത്സരവും നടത്തപ്പെടും. 6.30 ന് തിരുവനന്തപുരം അജന്ത തീയറ്റര്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന നാടകം ‘മൊഴി’യും അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *