കൊല്ലം: കരിക്കോട് കരുനെല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാവിന്റെ തല ഒരുസംഘം തല്ലിപ്പൊട്ടിച്ചു. തട്ടാർകോണം സ്വദേശി ശരത് കുമാറിനാണ് മർദനത്തില്‍ ഗുരുതര പരിക്കേറ്റത്.ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കിളികൊല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഫെബ്രുവരി 16നാണ് അക്രമം നടന്നത്. ക്ഷേത്രോത്സവത്തിനിടെ അഞ്ചംഗസംഘം മരക്കഷ്ണം കൊണ്ട് ശരത്തിനെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തലക്കും ദേഹമാസകലവും മർദനമേറ്റു. യുവാവിന്റെ തലയോട്ടിക്കും തോളെല്ലിനും പൊട്ടലുണ്ട്.
ഉത്സവത്തിനെത്തിയ നാട്ടുകാരില്‍ ഒരാളാണ് ദൃശ്യങ്ങള്‍ പകർത്തിയത്. ശരത്തിന്റെ പിതാവ് സുനില്‍കുമാറിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ആശുപത്രിയില്‍ കഴിയുന്ന ശരത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
വിഡിയോ ദൃശ്യത്തില്‍ പതിഞ്ഞ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇവർ നേരത്തെയും മറ്റുകേസുകളില്‍ പ്രതികളാണ്. ഇവർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.