കുട്ടികളുടെ കലോത്സവമാണ്;രക്ഷാകര്‍ത്താക്കള്‍ അവരുടെ മത്സരമായി ഇതിനെ കാണാൻ പാടില്ല: മുഖ്യമന്ത്രി

Breaking Kerala

കൊല്ലം: സ്കൂള്‍ കലോത്സവം കുട്ടികളുടെ മത്സരമാണെന്നും രക്ഷിതാക്കളുടെതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പങ്കെടുക്കലാണ് പ്രധാനം.കൗമാരമനസുകളെ അനാരോഗ്യകരമായ മാത്സര്യബോധം കൊണ്ട് കലുഷിതമാക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലത്ത് 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒരുകാര്യം ഏല്ലാവരും ഓര്‍ക്കണം. പങ്കെടുക്കലാണ് പ്രധാനം. ഇത് കുട്ടികള്‍ക്കു മാത്രമല്ല, അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും എല്ലാം ഒരുപോലെയുണ്ടാകണം. ഇത് കൗമാരമനസുകളുടെ ഉത്സവമാണ്. അതുകൊണ്ടുതന്നെ ആ മനസുകളെ അനാരോഗ്യകരമായ മാത്സര്യബോധം കൊണ്ട് കലുഷിതമാക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടികളുടെ കലോത്സവമാണ് എന്നത് ആവര്‍ത്തിച്ച്‌ ഒന്നുകൂടി പറയുന്നു. രക്ഷാകര്‍ത്താക്കള്‍ അവരുടെ മത്സരമായി ഇതിനെ കാണാൻ പാടില്ല. ഈ മത്സരങ്ങളില്‍ ചിലര്‍ മുന്നിലാകും ചിലര്‍ പിന്നിലാകും. ഇന്ന് പിന്നിലാകുന്നവരാണ് നാളെ മുന്നിലാകുന്നത്. അതുകൊണ്ട് പരാജയങ്ങളില്‍
തളരാതെ സമര്‍പ്പണവും മനോബലവും നിരന്തരമായ സാധനയും നിസ്തന്ത്രമായ യത്നവുമായി മുന്നോട്ടുപോകുകയാണ് വേണ്ടതെന്നും പിണറായി വിജയൻ ഓര്‍മപ്പെടുത്തി.

ആശ്രാമം മൈതാനിയിലെ പ്രധാന വേദിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. രാവിലെ ഒമ്ബതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാജഹാൻ പതാക ഉയര്‍ത്തിയതോടെ കലോത്സവത്തിന് തുടക്കമായി.

തുടര്‍ന്ന് ഗോത്ര കലാവിഷ്‌കാരവും ഭിന്നശേഷി കുട്ടികളുടെ കലാവിരുന്ന്, നടി ആശാ ശരത്തും സ്‌കൂള്‍ വിദ്യാര്‍ഥികളും അവതരിപ്പിച്ച സ്വാഗതഗാനത്തിന്‍റെ ദൃശ്യാവിഷ്‌കാരം എന്നിവയും അരങ്ങേറി. തുടര്‍ന്ന് സ്വാഗതഗാനരചന, നൃത്താവിഷ്‌കാരം, ലോഗോ, കൊടിമരം എന്നിവ തയാറാക്കിയവരെ ആദരിച്ചു.

മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, കെ. രാജന്‍, ജെ. ചിഞ്ചുറാണി, കെ.ബി. ഗണേഷ് കുമാര്‍, പി.എ. മുഹമ്മദ് റിയാസ്, നടി നിഖില വിമല്‍ തുടങ്ങിയവരാണ് മുഖ്യാതിഥികള്‍.

കൊല്ലം ജില്ലയില്‍ ഇത് നാലാം തവണയാണ് കലോത്സവം നടക്കുന്നത്. 2008ലാണ് ഏറ്റവും ഒടുവില്‍ കൊല്ലം കലോത്സവത്തിന് വേദിയായത്. 24 വേദികളിലാണ് ഇക്കുറി മത്സരം. ഹൈസ്കൂള്‍ – ഹയര്‍സെക്കൻഡറി വിഭാഗങ്ങളില്‍ 239 മത്സര ഇനങ്ങളാണുള്ളത്. 14,000 മത്സരാര്‍ഥികള്‍ പങ്കെടുക്കും. സംസ്കൃതോത്സവവും അറബിക് കലോത്സവവും ഇതോടനുബന്ധിച്ചു നടക്കും.

ജനുവരി എട്ടിന് വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം നടക്കും. ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും. മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. നടന്‍ മമ്മൂട്ടിയാണ് മുഖ്യാതിഥി.

മന്ത്രി വി. ശിവന്‍കുട്ടി പ്രതിഭകളെ ആദരിക്കും. മന്ത്രി ജി.ആര്‍. അനില്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. ചാമ്ബ്യന്‍ഷിപ്പ് പ്രഖ്യാപനം ജനറല്‍ കണ്‍വീനറും പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുമായ സി.എ. സന്തോഷ് നിര്‍വഹിക്കും. മന്ത്രി സജി ചെറിയാന്‍ വിശിഷ്ടാതിഥിയാകും.

Leave a Reply

Your email address will not be published. Required fields are marked *