കൊല്ലം: ഓപറേഷൻ ടാബ് എന്ന പേരില്‍ എക്‌സൈസ് ആന്റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് നടത്തിയ റെയ്ഡില്‍ 1000 ലഹരി ഗുളികകളുമായി രണ്ട് യുവാക്കള്‍ പിടിയിലായി.മുണ്ടക്കല്‍ ഉദയമാര്‍ത്താണ്ഡപുരം പുതുവല്‍ പുരയിടം നേതാജി നഗര്‍ 98 ല്‍ രാജീവ് (40), ഉദയമാര്‍ത്താണ്ഡപുരം കളീക്കല്‍ കടപ്പുറം വീട്ടില്‍ സ്റ്റീഫൻ മോറിസ് (29) എന്നിവരാണ് അറസ്റ്റിലായത്. ഗോവയില്‍നിന്ന് അമ്ബതിനായിരത്തോളം രൂപ നല്‍കി വാങ്ങുന്ന ഗുളികകള്‍ നാട്ടിലെത്തിച്ച് വില്‍പന നടത്തുമ്ബോള്‍ രണ്ടു ലക്ഷത്തോളം രൂപ ലഭിക്കുമെന്ന് ഇവര്‍ എക്‌സൈസിനോട് പറഞ്ഞു.
ഭീമമായ ലാഭം ലഭിക്കുമെന്നതിനാല്‍ കൂടുതല്‍ ആള്‍ക്കാര്‍ ഗുളിക വില്‍പന റാക്കറ്റില്‍ ഉണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ വി.എ. പ്രദീപിന്റെ നിര്‍ദേശപ്രകാരം നടത്തിയ റെയ്ഡില്‍ 2000 ലഹരി ഗുളികകളുമായി ഈ റാക്കറ്റിലെ മുഖ്യ പ്രതി ‘ബോംബെ’ എന്നു വിളിക്കുന്ന അനന്തു നേരത്തേ പിടിയിലായിരുന്നു. ഇത്തരം വിതരണ ശൃംഖലയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അസി. എക്സൈസ് കമീഷണര്‍ എസ്. കൃഷ്ണകുമാര്‍ അറിയിച്ചു. പരിശോധനയില്‍ സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ ടോണി ജോസ്, ഇൻസ്പെക്ടര്‍ വിഷ്ണു, അസി. എക്സൈസ് ഇൻസ്പെക്ടര്‍മാരായ രഘു, മനോജ് ലാല്‍, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ ജാസ്മിൻ, ശ്രീനാഥ്, അനീഷ് അജിത്, നിഥിൻ, ഡ്രൈവര്‍ സുഭാഷ് എന്നിവര്‍ പങ്കെടുത്തു.