കൊച്ചിയിൽ 17 വാർഡുകളിൽ കുടിവെള്ള വിതരണം മുടങ്ങും

Breaking Kerala

കൊച്ചി: തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയതോടെ കൊച്ചിയില്‍ ജലവിതരണം മുടങ്ങും. കോർപ്പറേഷൻ പരിധിയിലെ 17 വാർഡുകളിൽ കുടിവെള്ള വിതരണം തടസപ്പെടും. പാലാരിവട്ടം– തമ്മനം റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

ആലുവയില്‍ നിന്ന് നഗരത്തിലേക്ക് ജലം എത്തിക്കുന്ന പൈപ്പാണ് വീണ്ടും പൊട്ടിയത്. തമ്മനം, ഇടപ്പള്ളി, പാലാരിവട്ടം, കല്ലൂർ, വെണ്ണല, ചളിക്കവട്ടം, പൊന്നുരുന്നി, തുടങ്ങി 17 ഡിവിഷനുകളിൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങും. ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ ഇന്നലെ സ്ഥലം സന്ദർശിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ മുതലേ നിർമാണ പ്രവൃത്തികൾ ആരംഭിക്കൂ. 17 ഡിവിഷനുകൾക്ക് പുറമേ നഗരത്തിലെ മറ്റിടങ്ങളില്‍ ജലവിതരണത്തിന്‍റെ അളവ് കുറയ്ക്കും.
മാസങ്ങൾക്ക് മുൻപാണ് ഇതേ പൈപ്പ് ലൈനിൽ പൊട്ടലുണ്ടായി ദിവസങ്ങളോളം കുടിവെള്ളം തടസപ്പെട്ടത്. തമ്മനം – പാലാരിവട്ടം റോഡിലെ ജംഗ്ഷനിലെ പൊട്ടൽ പരിഹരിക്കാൻ രണ്ടു ദിവസം എടുക്കുമെന്നാണ് വാട്ടർ അതോറിറ്റി കണക്കാക്കുന്നത്. പൈപ്പ് ലൈൻ പൊട്ടിയ ഭാഗത്തെ റോഡ് പൂർണമായും ഇടിഞ്ഞ് താഴ്ന്നതിനാൽ ഗതാഗത നിയന്ത്രണവും ഉണ്ട്. വർഷങ്ങൾ പഴക്കമുള്ള പൈപ്പുകൾ മാറ്റാത്തതാണ് തുടർച്ചയായി പൈപ്പ് ലൈനിൽ പൊട്ടലുകൾ ഉണ്ടാവാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *