കുസാറ്റ്‌ ദുരന്തം: മജിസ്‌റ്റീരിയിൽ അന്വേഷണം ആരംഭിച്ചു

Breaking Kerala

കൊച്ചി: കുസാറ്റ്‌ ദുരന്തവുമായി ബന്ധപ്പെട്ട മജിസ്‌റ്റീരിയിൽ അന്വേഷണം തിങ്കളാഴ്‌ച തുടങ്ങി. തിങ്കൾ രാവിലെ ഒമ്പതിന്‌ അന്വേഷണച്ചുമതലയുള്ള സബ്‌ കലക്ടർ പി വിഷ്‌ണുരാജ്‌ കുസാറ്റിലെത്തി മൊഴിയെടുത്തു.
വൈസ്‌ ചാൻസലർ, രജിസ്‌ട്രാർ, സ്‌കൂൾ ഓഫ്‌ എൻജിനിയറിങ്‌ പ്രിൻസിപ്പൽ, ധിഷ്‌ണ അധ്യാപക കോ–ഓർഡിനേറ്റർ തുടങ്ങിയ സർവകലാശാലാ അധികൃതർ, സംഘാടകർ, വിദ്യാർഥികൾ, എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ സൂപ്രണ്ട്‌ എന്നിവരുടെ മൊഴിയാണ്‌ രേഖപ്പെടുത്തിയത്‌.
അപകടം നടന്ന സ്ഥലം വിശദമായി പരിശോധന നടത്തി തെളിവെടുക്കുകയും ചെയ്തു. തൃക്കാക്കര എസിപി പി വി ബേബി ആണ് കേസ് അന്വേഷിക്കുന്നത്. അതുപോലെ കേസ് ചുമതല വഹിക്കുന്ന എസിപിയോടൊപ്പം പിഡബ്ല്യുഡി ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
റിപ്പോർട്ട്‌ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നൽകും. ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ വിദ്യാർത്ഥികൾ നാലുപേരുടെയും മരണകാരണം, ദുരന്തകാരണങ്ങൾ, സംഘാടകരുടെയും-സർവകലാശാലാ അധികൃതരുടെയും വീഴ്‌ച എന്നിവയെ കുറിച്ചുള്ള റിപ്പോർട്ട് ഉടനടി നൽകാൻ നിർദേശം ലഭിച്ചിട്ടുണ്ട്.
മരണത്തിനും അപകടത്തിനും ഉത്തരവാദികൾ, സ്വീകരിക്കേണ്ട മുൻകരുതലുകൾ, മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള ആശ്വാസനടപടി തുടങ്ങിയ വിഷയങ്ങളോടനുബന്ധിച്ച് റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ പൊലീസ്‌, സിൻഡിക്കറ്റ്‌ അന്വേഷണങ്ങൾക്കുപുറമെയാണ്‌ മജിസ്‌റ്റീരിയിൽ അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *