കൊച്ചി: ബോംബ് ആക്രമണമുണ്ടായ യഹോവയുടെ സാക്ഷികളുടെ സമ്മേളന വേദിയായിരുന്ന കളമശ്ശേരിയിലെ സംറ കണ്‍വെൻഷൻ സെന്‍ററില്‍നിന്ന് സാമ്ബിളുകള്‍ ശേഖരിക്കാനുണ്ടെങ്കില്‍ രണ്ടുദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി.രണ്ടുദിവസത്തിനകം സാമ്ബിള്‍ ശേഖരിച്ചശേഷം അടുത്ത ദിവസംതന്നെ കണ്‍വെൻഷൻ സെന്റര്‍ ഉടമകള്‍ക്ക് കൈമാറണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിര്‍ദേശിച്ചു.
ഒക്ടോബര്‍ 29ന് നടന്ന സ്ഫോടനത്തെതുടര്‍ന്ന് അന്വേഷണത്തിന്‍റെ ഭാഗമായി സെന്‍റര്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. പ്രതിയെ ഇവിടെ എത്തിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഹാള്‍ വിട്ടുനല്‍കാൻ എറണാകുളം ഡെപ്യൂട്ടി പൊലീസ് കമീഷണറും കളമശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫിസറും തയാറായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സംറ മാനേജിങ് ഡയറക്ടര്‍ എം.എ. റിയാസ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്. എട്ടുപേരാണ് ദുരന്തത്തില്‍ കൊല്ലപ്പെട്ടത്.
ഹാള്‍ തിരിച്ചുനല്‍കാൻ തടസ്സമില്ലെങ്കിലും ഫോറൻസിക് വിഭാഗം അധിക സാമ്ബിളുകള്‍ ശേഖരിക്കണമെന്ന് പറഞ്ഞാല്‍ പിന്നീട് ബുദ്ധിമുട്ടാകുമെന്ന കാരണത്താലാണ് വിട്ടുകൊടുക്കാത്തതെന്ന് സര്‍ക്കാര്‍ അഭിഭാഷകൻ വിശദീകരിച്ചു. ഇവിടെനിന്ന് ലഭിച്ച രണ്ട് മൊബൈല്‍ ഫോണ്‍ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചശേഷമേ കേന്ദ്ര ഏജൻസികള്‍ ഇതിലിടപെടുന്ന കാര്യത്തില്‍ തീരുമാനമാകൂവെന്നും വ്യക്തമാക്കി.
ഈ വിശദീകരണത്തില്‍ കഴമ്ബുണ്ടെങ്കിലും സംഭവം നടന്നിട്ട് 60 ദിവസത്തിലേറെയായത് കോടതി ചൂണ്ടിക്കാട്ടി. ഫോറൻസിക് ലാബിലെ കാലതാമസം കണ്‍വെൻഷൻ സെന്റര്‍ തിരികെ കിട്ടാനുള്ള ഉടമയുടെ അവകാശത്തെ ബാധിക്കരുതെന്ന് അഭിപ്രായപ്പെട്ട കോടതി, തുടര്‍ന്നാണ് തിരികെ നല്‍കാൻ ഉത്തരവിട്ടത്.