കൊച്ചി : ഹൃദ്രോഗ ചികിത്സയിലെ ആധുനിക സാങ്കേതിക വിദ്യകളിലൊന്നായ ട്രാൻസ്‌കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്‌മെന്റിന്റെ (ടാവി) ഉപജ്ഞാതാവും പ്രശസ്ത ഫ്രഞ്ച് സർവകലാശാലയായ റൂവൻ യൂണിവേഴ്സിറ്റിയിലെ കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ. അലൈൻ ക്രൈബിയർ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ സന്ദർശനം നടത്തി.
റൂവൻ മെഡിക്കൽ ട്രെയിനിംഗ് സെന്ററിന്റെ മെഡിക്കൽ ഡയറക്ടർ കൂടിയായ അദ്ദേഹം കൊച്ചിയിലെ ഹൃദ്രോഗ വിദഗ്ധർക്ക് വേണ്ടി നടത്തിയ ശിൽപ്പശാലയിൽ പങ്കെടുക്കുകയും ടാവി ഉൾപ്പെടെ ഹൃദ്രോഗ ചികിത്സയിലെ നൂതന സാങ്കേതിക വിദ്യകളെ കുറിച്ച് ക്ലാസെടുക്കുകയും ചെയ്തു. കേരളത്തിൽ ആസ്റ്റർ മെഡ്സിറ്റിയിൽ മാത്രമായിരുന്നു അദ്ദേഹം സന്ദർശനം നടത്തിയത്.
2002 ഏപ്രിൽ 16 നായിരുന്നു ഡോ. ക്രൈബിയറിന്റെ നേതൃത്വത്തിൽ ലോകത്തെ ആദ്യ ടാവി ശസ്ത്രക്രിയ നടത്തിയത്. ആരോഗ്യ മേഖലയിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ സംഭവമായിരുന്നു ഇത്. പെർക്യുട്ടേനിയസ് ഹാർട്ട് വാൽവ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ
ഹൃദ്രോഗ ചികിത്സയിലെ സങ്കീർണത കുറക്കാനും കൂടുതൽ കൃത്യത ഉറപ്പു വരുത്താനും കഴിഞ്ഞു. ആഗോള തലത്തിൽ തന്നെ ആയിരക്കണക്കിന് ഡോക്ടർമാരാണ് ഇന്ന് ടാവി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഹൃദ്രോഗ ചികിത്സ നടത്തുന്നത്.