ദോഹ: കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഈദ് സംഗമത്തിൽ ഇന്ത്യൻ അംബാസഡർ വിപുൽ അതിഥിയായി പങ്കെടുക്കുകയും ഈദ് ആശംസകൾ കൈമാറുകയും ചെയ്തു.
ഇന്ത്യൻ കമ്മ്യൂണിറ്റിക്കും അവശ്യ ഘട്ടങ്ങളിൽ വിവിധ രാജ്യക്കാർക്കും നൽകുന്ന കെ.എം.സി.സി. യുടെ സേവനം അഭിനന്ദനമർഹിക്കുന്നതാണെന്ന് അംബാസഡർ പറഞ്ഞു. കെ.എം.സി.സി. സാംസകാരിക, ജീവകാരുണ്യ, സന്നദ്ധ സേവന രംഗത്തുള്ള പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകണമെന്നും കോവിഡ് കാലത്ത് ഉൾപ്പടെ നടത്തിയ പ്രവർത്തനങ്ങൾ പരാമർശിച്ചു കൊണ്ട്
അദ്ദേഹം പറഞ്ഞു. കെ.എം.സി.സി. യുടെ തുടർന്നുള്ള പ്രവർത്തന സന്നദ്ധതയും പിന്തുണയും നേതാക്കൾ അദ്ദേഹത്തെ അറിയിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം അധ്യക്ഷൻ ഡോ. അബ്ദുൽ സമദ് കൈമാറി.
ഉപദേശക സമിതി ചെയർമാൻ എം.പി ഷാഫി ഹാജി ബൊക്കെ നൽകി ഭാരവാഹികളുടെയും നേതാക്കളുടെയും നേതൃത്വത്തിൽ അംബാസഡറെ കെ.എം.സി.സി. ഓഫീസിലേക്ക് സ്വീകരിച്ചു. സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ എസ്.എ.എം ബഷീർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും വൈസ് പ്രസിഡണ്ട് കെ. മുഹമ്മദ് ഈസ നന്ദിയും പറഞ്ഞു.
ഉപദേശക സമിതി നേതാക്കളായ അബ്ദു നാസർ നാച്ചി, പി.വി മുഹമ്മദ് മൗലവി, സി.വി ഖാലിദ്, കെ.വി മുഹമ്മദ്, നിയമതുള്ള കോട്ടക്കൽ, ഹംസകുട്ടി ഗുരുവായൂർ, പഴയകാല ഭാരവാഹികളായ പി.എസ് മുഹമ്മദ് ബാഖവി, ജപ്പാൻ സൈദലവി എന്നിവർ സംബന്ധിച്ചു.
സംസ്ഥാന ഗ്രീൻ ടീൻസ് കമ്മിറ്റി വിദ്യാർത്ഥി കൾക്ക് വേണ്ടി റമളാനിൽ സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വെച്ച് കൈമാറി. കലാ സാംസ്കാരിക വിഭാഗമായ സമീക്ഷയുടെ നേതൃത്വത്തിൽ നടത്തിയ വിവിധ കലാപരിപടികൾ ഈദാഘോഷങ്ങൾക്ക് ഈണം പകർന്നു.
സംസ്ഥാന ഭാരവാഹികളായ പി.കെ അബ്ദു റഹീം, ടി.ടി.കെ ബഷീർ, സിദ്ധീക്ക് വാഴക്കാട്, അജ്മൽ നബീൽ, താഹിർ താഹക്കുട്ടി, വി.ടി.എം സാദിഖ്, സൽമാൻ എളയടം, ഫൈസൽ കേളോത്ത്, ശംസുദ്ധീൻ എംപി എന്നിവർ നേതൃത്വം നൽകി.