തിരുവനന്തപുരം: കെ കെ ശൈലജയുടെ പുസ്തകം മൈ ലൈഫ് ആസ് എ കോമറേഡ് എന്ന പുസ്തകത്തിന്റെ മലയാളം പരിഭാഷ പുറത്തിറങ്ങി. ഡി സി ബുക്സാണ് പ്രസാധകർ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വെച്ച് സിപിഐഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടാണ് മലയാള പതിപ്പിൻ്റെ പ്രകാശനം നിർവഹിച്ചത്. എഴുത്തുകാരി എസ് സിത്താരയാണ് പരിഭാഷ.
കെ കെ ശൈലജയുടെ ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം ‘മൈ ലൈഫ് ആസ് എ കോമറേഡ്’ എന്ന എൻ്റെ പുസ്തകത്തിൻ്റെ മലയാള പരിഭാഷ ഡിസി ബുക്സ് പുറത്തിറക്കിയതായി സ്നേഹപൂർവ്വം അറിയിക്കുന്നു. ഡൽഹിയിലുള്ള ജഗർനട്ട് പബ്ലിക്കേഷൻസ് ആണ് രാഷ്ട്രീയ സാമൂഹിക ജീവിതത്തിലെ ചില ഓർമ്മക്കുറിപ്പുകൾ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചത്.
പുസ്തകത്തിൻ്റെ ആദ്യഭാഗത്ത് ഞാൻ എങ്ങനെ കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് വരാൻ ഇടയായി എന്ന സാഹചര്യത്തെക്കുറിച്ച് വിവരിക്കുകയാണ്. എൻ്റെ കുടുംബം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആരംഭകാലംതൊട്ട് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഒന്നാണ്. വല്യമ്മാവൻമാരും മുൻ തലമുറയും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്ന കാലത്തെ സാമൂഹ്യ രാഷ്ട്രീയ യാഥാർഥ്യങ്ങളെ അവരുടെ വാക്കുകളിൽ നിന്ന് കേട്ടറിഞ്ഞ് രേഖപ്പെടുത്തിയ അനുഭവങ്ങളാണ് ഒന്നാം ഭാഗത്തിൽ ഉള്ളത്. രണ്ടാമത്തെ ഭാഗം അഞ്ചുവർഷക്കാലം കേരള നിയമസഭയിൽ സഖാവ് പിണറായിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ആരോഗ്യ-സാമൂഹ്യനീതി – വനിതാ-ശിശു വികസന വകുപ്പിൻ്റെ ചുമതല നിർവഹിക്കുന്ന കാലഘട്ടത്തിലെ അനുഭവക്കുറിപ്പുകളാണ്.
ആ സമയത്ത് നേരിടേണ്ടിവന്ന വെല്ലുവിളികളും ആരോഗ്യവകുപ്പിൽ നടത്തിയ പരിഷ്കരണ പ്രവർത്തനങ്ങളും അതിൻ്റെ ഭാഗമായുള്ള അനുഭവങ്ങളുമാണ് വിശദീകരിക്കുന്നത്. പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെൻ്റ് സ്വീകരിച്ച സമീപനങ്ങൾ ഈ ഭാഗത്ത് വിശദീകരിക്കുന്നുണ്ട്.
മലയാള പരിഭാഷയ്ക്കുള്ള ചുമതല ഡിസി ബുക്സ് ആണ് ഏറ്റെടുത്തത്. ഡിസി ബുക്സിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (കെഎൽഎഫ്) വച്ചാണ് സിപിഐഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം സഖാവ് ബൃന്ദാ കാരാട്ട് ഈ പുസ്തകത്തിൻ്റെ മലയാള പതിപ്പിൻ്റെ പ്രകാശനം നിർവഹിച്ചത് എന്നത് ഏറെ അഭിമാനകരമാണ്. സാഹിത്യോത്സവത്തിന് എത്തിച്ചേർന്ന നൂറു കണക്കിന് ജനങ്ങളുടെ മുമ്പാകെ പുസ്തകത്തിൻ്റെ മലയാള പതിപ്പ് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞുവെന്നതിലും ഏറെ സന്തോഷമുണ്ട്. വലിയ ജനപങ്കാളിത്തത്തോടുകൂടി ഇത്തരമൊരു ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിച്ച ഡിസി ബുക്സിനെ അഭിനന്ദിക്കാൻ ഈ സാഹചര്യം ഉപയോഗിക്കുകയാണ്. അതിനോടൊപ്പം മലയാളത്തിലേക്ക് പുസ്തകം പരിഭാഷ ചെയ്തിട്ടുള്ള സിത്താര എസ്സിനും, ഡിസി ബുക്സിനും മനസ്സുനിറഞ്ഞുള്ള നന്ദി രേഖപ്പെടുത്തുന്നു.
കെ കെ ശൈലജയുടെ പുസ്തകം ‘മൈ ലൈഫ് ആസ് എ കോമറേഡ് ‘ പുസ്തകത്തിന്റെ മലയാളം പരിഭാഷ പുറത്തിറങ്ങി
