നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയുമായി ഖാലിസ്ഥാന്‍ പോസ്റ്ററുകള്‍: കാനഡയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്

Breaking Global

ഒട്ടാവ/ന്യൂഡെല്‍ഹി: ഇന്ത്യാ വിരുദ്ധത മുഖമുദ്രയാക്കിയ ഖാലിസ്ഥാന്‍ സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഇടം നല്‍കുന്നതിനെതിരെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കാനഡയ്ക്ക് മുന്നറിയിപ്പ് നല്‍കി. കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ പേരുകളും ചിത്രങ്ങളും ഉള്‍പ്പെടുത്തിയ ഭീഷണി പോസ്റ്ററുകള്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ്. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്നതാണ് ഇത്തരം നടപടികളെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

‘ചില സമയങ്ങളില്‍ ഖാലിസ്ഥാനി പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാനഡ, യുഎസ്, യുകെ, ഓസ്ട്രേലിയ തുടങ്ങിയ ഞങ്ങളുടെ പങ്കാളി രാജ്യങ്ങളോട് ഖാലിസ്ഥാനികള്‍ക്ക് ഇടം നല്‍കരുതെന്ന്. ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അവരുടെ തീവ്രവാദ ചിന്തകള്‍ നമുക്കോ ആ രാഷ്ട്രങ്ങള്‍ക്കോ ഉഭയകക്ഷി ബന്ധത്തിനോ നല്ലതല്ല” മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ വിദേശകാര്യ മന്ത്രി പറഞ്ഞു.

കാനഡയിലെ ഇന്ത്യന്‍ പ്രതിനിധിയായ ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മ, ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അപൂര്‍വ ശ്രീവാസ്തവ എന്നിവരുടെ ചിത്രങ്ങളും പേരുകളും അടങ്ങിയ ഒരു ഖാലിസ്ഥാന്‍ അനുകൂല പോസ്റ്റര്‍ കാനഡയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കാനഡയിലെ സറേയിലെ ഗുരു നാനാക്ക് ഗുരുദ്വാര സാഹിബിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ വെച്ച് ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് മേധാവി നിജ്ജാറിനെ ജൂണ്‍ 18 ന് രണ്ട് അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു പോസ്റ്റര്‍. ‘കൊലയാളികള്‍’ എന്നാണ് പോസ്റ്ററില്‍ ഇന്ത്യന്‍ പ്രതിനിദികളെ വിശേഷിപ്പിച്ചിരിക്കുന്നത്.

കാനഡയില്‍ ഖാലിസ്ഥാന്‍ അനുകൂല റാലിയെക്കുറിച്ച് അറിയിപ്പ് നല്‍കുന്ന പോസ്റ്ററുകളാണ് ഏറ്റവും പുതിയ പ്രകോപനം. ജൂലൈ എട്ടിന് ഉച്ചയ്ക്ക് 12.30ന് ഖാലിസ്ഥാന്‍ ഫ്രീഡം റാലി നടക്കുമെന്ന് പോസ്റ്ററില്‍ പറയുന്നു. ഗ്രേറ്റ് പഞ്ചാബ് ബിസിനസ് സെന്ററില്‍ നിന്ന് ആരംഭിക്കുന്ന റാലി ടൊറന്റോയിലെ ഇന്ത്യന്‍ എംബസിയില്‍ അവസാനിക്കുമെന്ന് പോസ്റ്ററില്‍ അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *