തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത. മധ്യ-തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ മൂന്ന് ജില്ലകൾക്ക് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്നു.
മ്യാന്മാർ തീരത്തിനു സമീപം മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി രണ്ട് ദിവസത്തിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മലയോര മേഖലകളിൽ ജാഗ്രത മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളിലും മഴ തുടരും. കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നതിലും ജാഗ്രതാ നിർദേശമുണ്ട്.