ഏബിൾ. സി. അലക്സ്
കോതമംഗലം: സംസ്ഥാന സർക്കാർ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ കോതമംഗലത്തിനും അഭിമാനനേട്ടം. മികച്ച കഥാകൃത്തായി തിരഞ്ഞെടുത്തത് കോതമംഗലം സ്വദേശിയായ കെ.എം കമാലിനെ. പട സിനിമയുടെ കഥക്കാണ് അവാർഡ് ലഭിച്ചത്.സിനിമയുടെ സംവിധായകൻ കൂടിയാണ് കമൽ. സിനിമയുടെ നിരവധി സീനുകൾ ചിത്രീകരിച്ചതും കോതമംഗലത്തുവെച്ചായിരുന്നു. അതിൽ ചിലത് താൻ പഠിച്ച എം. എ. കോളേജിലും.
വർഷങ്ങൾക്കു മുമ്പ് പാലക്കാട് ജില്ലാ കളക്ടറെ അയ്യങ്കാളിപ്പട ബന്ദിയാക്കിയ സംഭവമാണ് സിനിമയുടെ ഇതിവൃത്തം. കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, വിനായകൻ, ജഗദീഷ്, ജോജു ജോർജ്, സൈജു കുറുപ്പ് തുടങ്ങിയ പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
തൊണ്ണൂറുകളുടെ ആരംഭത്തിൽ കോതമംഗലം എം. എ കോളേജിൽ സിനിമ സ്വപ്നം കണ്ടു നടന്നിരുന്ന മൂന്നു കൂട്ടുകാർ ഉണ്ടായിരുന്നു. നെല്ലിമറ്റം സ്വദേശി കമാലും, മാതിരപ്പിള്ളി സ്വദേശി അജിത്തും,മൂവാറ്റുപുഴ സ്വദേശി മധു നീലകണ്ഠനും ആയിരുന്നു അവർ.അന്നേ ഉണ്ടായിരുന്ന ഇച്ഛാ ശക്തി മൂവരെയും സിനിമയുടെ ലോകത്തു തന്നെ എത്തിച്ചു. ആ മൂവർ സംഘത്തിൽ പെട്ട കമാലിനാണ് ഇപ്പോൾ സംസ്ഥാന അവാർഡ് ലഭിച്ചത്. ഈട എന്ന ഹിറ്റ് സിനിമ സംവിധാനം ചെയ്തത് അജിത് കുമാർ ആയിരുന്നു. മധു ആകട്ടെ ഇന്ന് മലയാള സിനിമയിൽ സജീവമായ ക്യാമറമാൻ ആണ്.ചുരുളി ഉൾപ്പെടെ ഉള്ള സിനിമകളുടെ ക്യാമറ ചലിപ്പിച്ചത് മധുവാണ്.മൂവരെയും നിരവധി അവാർഡുകൾ തേടിയെത്തിയിട്ടുണ്ട്.നെല്ലിമറ്റം കാരമറ്റത്തിൽ പരേതനായ കെ. എം. മുഹമ്മദ്ന്റെയും, മോളുമ്മയുടെയും മകനാണ്.