പ്രതി അര്‍ജുന്‍ തന്നെ; പൊലീസ് കൃത്യസമയത്ത് എത്തി തെളിവെടുത്തു; ഒരു വീഴ്ചയുമില്ല’; സര്‍ക്കാര്‍ അപ്പീലിന്

Breaking Kerala

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന കേസില്‍ അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ടിഡി സുനില്‍ കുമാര്‍. കഴിഞ്ഞ ദിവസം കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടതിന് പിന്നാലെയാണ് പ്രതികരണം.
കേസില്‍ പ്രതി അര്‍ജുന്‍ തന്നെയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
കോടതിയില്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഒരുവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ സുനില്‍ കുമാര്‍ പറഞ്ഞു. ‘കുട്ടിയുടെ മരണം നടന്നത് ജൂണ്‍ 30നാണ്. കുട്ടിയെ അന്ന് വൈകീട്ട് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. സംഭവം നടന്ന അന്നുതന്നെ ക്വാട്ടേഴ്‌സിലെത്തി സ്ഥലം ബന്തബസ്സ് ചെയ്തതാണ്.
പിറ്റേദിവസം രാവിലെയാണ് ഇന്‍ക്വസ്റ്റ് നടത്തി മഹസ്സര്‍ തയ്യാറാക്കിയത്. വിരലടയാള വിദഗ്ധര്‍, സൈന്റിഫിക് ഓഫീസര്‍, ഫോട്ടോ ഗ്രാഫര്‍ എല്ലാം തന്നെ ഇന്‍ക്വസ്റ്റ് സമയത്ത് ഉണ്ടായിരുന്നു കുട്ടിയുടെ രക്തം സീല്‍ ചെയ്ത് തരുന്നത് സൈന്റിഫിക് ഓഫീസറാണ്. പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയുമുണ്ടായില്ല. സംഭവത്തില്‍ പ്രതി അര്‍ജുന്‍ തന്നെയാണ്’- അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് അന്വേഷണത്തില്‍ വീഴ്ചയെന്ന കേസിലെ വിധിപ്പകര്‍പ്പിലെ പരാമര്‍ശം അംഗീകരിക്കാനാവില്ലെന്ന് കേസിലെ പ്രോസിക്യൂട്ടര്‍ സുനില്‍ മഹേശ്വരന്‍ പിള്ള പറഞ്ഞു. ‘പൊലീസ് കൃത്യസമയത്ത് സ്ഥലത്ത് എത്തി തെളിവ് ശേഖരിച്ചിരുന്നു.
വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കും. കൊലപാതകത്തിന് മുന്‍പ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന കാര്യം കോടതി കണ്ടെത്തിയിട്ടുണ്ട്.
ശാസ്ത്രീയ തെളിവുകളുടെ അപര്യാപ്ത, ഡിഎന്‍എ പ്രൈഫൈലിങ് ഇല്ലാത്തതും സാക്ഷികള്‍ പറഞ്ഞ ചെറിയ കാര്യങ്ങള്‍ പോലും കോടതി വലിയ പ്രാധാന്യത്തോടെ കാണുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കാതെയാണ് കോടതി അങ്ങനെ പറഞ്ഞത്’- പ്രോസിക്യൂട്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *