കോട്ടയം: വികസനത്തെ കുറിച്ച് സംവാദത്തിന് കോൺഗ്രസ് തയ്യാറുണ്ടോ എന്ന് വീണ്ടും വെല്ലുവിളിച്ച് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ്. അന്തസുറ്റ മറുപടി നൽകാൻ ഇതുവരെ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. വികസനത്തിന് എന്താണ് പുതുപ്പള്ളിയിൽ ട്രാക്ക് റെക്കോഡുള്ളതെന്നും ജെയ്ക് സി തോമസ് ചോദിച്ചു. ജനങ്ങളെ ബാധിക്കുന്ന ജീവൽ പ്രശ്നങ്ങളാണ് എൽഡിഎഫ് ഉന്നയിക്കുന്നത്. മണിപ്പൂരിൽ സ്ത്രീകളെ ബാലാത്സംഗം ചെയ്യുന്ന ബിജെപിക്ക് ഒത്താശ നൽകുകയാണ് കിടങ്ങൂരിൽ കോൺഗ്രസെന്നും ജെയ്ക് സി തോമസ് പറഞ്ഞു.
”182 ബൂത്തുകളിൽ എവിടെ വേണമെങ്കിലും ഞങ്ങൾ വരാം. തീയതിയും സമയവും സ്ഥലവും കോൺഗ്രസ് നേതൃത്വത്തിന് തീരുമാനിക്കാം. പുതുപ്പള്ളിയിലെ ഹയർ സെക്കന്ററി സ്കൂളുകളെ സംബന്ധിച്ച്, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ സംബന്ധിച്ച്… ഇങ്ങനെ പരന്നു കിടക്കുന്ന, ജനങ്ങളുടെ ജീവിത പ്രശ്നവുമായി ബന്ധപ്പെട്ട് ഒരു സംവാദത്തിന് നിങ്ങൾ തയ്യാറാണോ എന്ന് ചോദിക്കുമ്പോൾ നിർഭാഗ്യവശാൽ വൈകാരികതയുടെ മറവിൽ രാഷ്ട്രീയ ലാഭം കൊയ്യാനുള്ള പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്…” എന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ജെയ്ക് പറഞ്ഞിരുന്നു. ഇന്നും ഇതേ ചോദ്യം ആവർത്തിക്കുകയാണ് ജെയ്ക് സി തോമസ്.